നടിക്കെതിരായ ലൈംഗികാതിക്രമ ആരോപണം തള്ളി സഹ യാത്രികന് വികാസ് സച്ച്ദേവ്
ക്ഷീണിതനായതിനാലാണ് അത്തരത്തില്‍ കാല് വച്ചതെന്നും ഇതിന് മാപ്പ് പറഞ്ഞിരുന്നു എന്നും വികാസ് പറഞ്ഞു
ബോളിവുഡ് അഭിനേത്രിക്കെതിരായ ലൈംഗികാതിക്രമ ആരോപണം തള്ളി സഹ യാത്രികന് വികാസ് സച്ച്ദേവ്. ക്ഷീണിതനായതിനാലാണ് അത്തരത്തില്‍ കാല് വച്ചതെന്നും ഇതിന് മാപ്പ് പറഞ്ഞിരുന്നു എന്നും വികാസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് വികാസ് സച്ച് ദേവിനെ മുംബൈയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
വിമാന യാത്രക്കിടെ ലൈംഗികാതിക്രമ ശ്രമമുണ്ടായെന്ന ബോളിവുഡ് അഭിനേത്രിയുടെ പരാതിയില്‍ ഇന്നലെ വൈകിട്ടാണ് സഹയാത്രികനായ വികാസ് സച്ച്ദേവിനെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുംബൈ അന്തേരി സ്വദേശിയാണ് വികാസ്. അഭിനേത്രിയുടെ ആരോപണങ്ങളെ വികാസ് തള്ളി. ബന്ധുവിന്റെ മരണാനന്തര ക്രിയകളില്‍ പങ്കെടുത്ത് വരുന്നതിനാല്‍ ക്ഷീണിതനായിരുന്നു. അതിനാലാണ് കാല് നീട്ടിവച്ചത്.
അഭിനേത്രി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മാപ്പ് പറഞ്ഞിരുന്നു എന്നും വികാസ് പറഞ്ഞു. അഭിനേത്രിയുടെ ആരോപണം ഞെട്ടിക്കുന്നതാണ് വികാസിന്റെ ഭാര്യ ദിവ്യയും പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുംബൈയിലെ സഹാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിന് സീറ്റിലിരുന്ന യാത്രക്കാരന് കാല് ഉപയോഗിച്ച് കഴുത്തിലും പിന്നിലും ഉരസുകയായിരുന്നു എന്നും ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോഴാണ് അക്രമിയുടെ കാല് കണ്ടെതെന്നുമായിരുന്നു അഭിനേത്രി ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.