പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശപ്രസംഗം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും വായ്പകള്‍ എഴുതി തള്ളിയേക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതുവര്‍ഷ സന്ദേശപ്രസംഗത്തില്‍ കര്‍ഷകരെയും ചെറുകിട സംരംഭകരെയും ലക്ഷ്യമിടുന്ന വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നോട്ട് നിരോധത്തില്‍ പ്രതിസന്ധിയിലായവര്‍ക്ക് വായ്പകളിലടക്കം ഇളവ് പ്രഖ്യാപിക്കുന്നത് വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരെഞ്ഞെടുപ്പുകളെ കൂടി മുന്നില്‍ കണ്ട് കൊണ്ടാവും. നോട്ട് നിരോധിച്ച് അമ്പത് ദിവസം പിന്നിട്ട ശേഷം നടപടിയെ കുറിച്ച് പ്രധാനമന്ത്രി എന്താണ് പ്രതികരിക്കുന്നതെന്ന് കാത്തിരിക്കുകയാണ് രാജ്യം.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാവും പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവര്‍ഷ സന്ദേശ പ്രസംഗം നടത്തുക. നോട്ട് നിരോധത്തില്‍ കടുത്ത പ്രതിസന്ധിയിലായ കരിമ്പ്‍, ഗോതമ്പ്, റാഗി കര്‍ഷകരുടെയും തുകല്‍, തുണി മേഖലയിലുള്ള ചെറുകിട സംരംഭകരുടെയും വായ്പകള്‍ എഴുതി തള്ളുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ അത് ജനരോഷം ശമിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.
അടുത്ത വര്‍ഷമാദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ പൊതുബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി മറികടക്കുക കൂടിയാവും ലക്ഷ്യം. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ തുകല്‍, തുണി ഫാക്ടറികള്‍ അടച്ചിടിലിന്റെ വക്കിലാണ്. ഒപ്പം ഗോതമ്പ്, കരിമ്പ് കര്‍ഷകരും തിരിച്ചടിയേറ്റു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളെന്തായാലും പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഭീം ആപ്പ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണം തടയുന്നതിനുള്ള പദ്ധതികളെ പറ്റിയും വിശദീകരണം പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായേക്കും.