കുല്‍ഭൂഷണ്‍ കേസ്; ഇന്ത്യയെ കാത്തിരിക്കുന്നത് സങ്കീര്‍ണ നടപടികള്‍
കുല്‍ഭൂഷണ്‍ ജാദവിന്‍ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നതാണ് ഇനിയുള്ള ചോദ്യം.
ഇടക്കാല വിധി ഇന്ത്യക്കനുകൂലമാണെങ്കിലും അന്താരാഷ്ട്ര കോടതിയിലെ തുടര്‍ നടപടികളില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് സങ്കീര്‍ണ്ണമായ നടപടികളാണ്. അന്താരാഷ്ട്ര കോടതിയുടെ വിധികള്‍ നടപ്പാക്കേണ്ട ബാധ്യത രാജ്യങ്ങള്‍ക്കുണ്ടോ എന്ന ചോദ്യവും, കോടതിയുടെ അധികാര പരിധിയിലെ പരിമിതികളും കേസ് സങ്കീര്‍ണ്ണമാക്കും.
കുല്‍ഭൂഷണ്‍ ജാദവിന്‍ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നതാണ് ഇനിയുള്ള ചോദ്യം. കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരപരിധി നിശ്ചയിക്കണമെങ്കില്‍ കക്ഷികളായ ഇരു രാജ്യങ്ങളും സമ്മതമറിയിക്കണം എന്നാണ് അന്താരാഷ്ട്രകോടതിയുടെ ചട്ടം 36 - 5 വകുപ്പ് പറയുന്നത്. ഈ കേസില്‍ അന്താരാഷ്ട്രോ കോടതിക്ക് അധികാരപരിധിയില്ലെന്ന പാക്ക് വാദം പ്രസക്തമായതും ഇതിനാലാണ്. ഇതിനുപുറമെ ഇന്ത്യയുംപാക്കിസ്ഥിനും തമ്മിലുള്ള സിംല കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അംഗീകരിച്ചിട്ടുള്ളതുമാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കോടതിയിലേക്ക് കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ് ഇന്ത്യ എത്തിച്ചത് സിംല കരാര്‍ ലംഘനമാണെന്ന് പാക്കിസ്ഥാന് വാദിക്കാം. നേരത്തെ അറ്റ്ലാന്‍റിക്ക് സംഭവത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചെങ്കിലും കോടതിക്ക് ഇടപെടാനാവില്ലെന്ന് സിംല കരാര്‍ ഉയര്‍ത്തിയുള്ള ഇന്ത്യയുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടുന്നതിനും പരിമിതിയുണ്ട്. ഇതിനെല്ലാം പുറമെ അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകള്‍ കര്‍ശനമായും നടപാക്കണമെന്ന് വിധിക്കാനുമാവില്ല. നിലവിലെ ഉത്തരവിനെതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിനെ വേണമെങ്കില്‍ പാക്കിസ്ഥാന് സമീപിക്കുകയും ചെയ്യാം. അതിനാല്‍ തന്നെ കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങള്‍ക്കും സമയം ലഭിക്കുമെന്നതാണ് ഗുണം.