കാലിത്തീറ്റ കുംഭകോണം; ലാലുവിന് മൂന്നര വര്‍ഷം തടവ്
ലാലു പ്രസാദ് യാദവ് അടക്കം 16 പ്രതികളാണ് കേസില്‍ പ്രതികളായി ഉള്ളത്. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്.
ലാലു പ്രസാദ് യാദവ് അടക്കം 15 പ്രതികളാണ് കേസില്‍ പ്രതികളായി ഉള്ളത്. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പരമാവധി കുറഞ്ഞശിക്ഷ മാത്രമേ തന്റെ കക്ഷിക്ക് വിധിക്കാവൂവെന്ന് ലാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസവും അഭിഭാഷകരുടെ നിസഹരണം മൂലം ശിക്ഷവിധിയിലെ വാദം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനം വഴിയായിരുന്നു വാദം നടത്തിയത്. ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകളുപയോഗിച്ച് 89.27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യന്ത്രിയായിരുന്ന 1991-94 കാലത്തായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നതാണ് ലാലുവിനെതിരായ കുറ്റം. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന രണ്ടാമത്തെ കേസാണ് ഇത്.
കഴിഞ്ഞ ഡിസംബര്‍ 23നാണ് ലാലു പ്രസാദ് യാദവ് ഈ കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത്. ഇതിന് ശേഷം ബിര്‍സ മുണ്ട ജയിലില്‍ തടവിലാണ് ലാലു. ജയിലില്‍ ഭയങ്കര തണുപ്പാണെന്ന പരാതിയുമായി ലാലു പ്രസാദ് യാദവ് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. തബല കൊട്ടി ജയിലിലെ തണുപ്പ് മാറ്റൂ എന്നായിരുന്നു ലാലുവിന്റെ പരാമര്‍ശത്തോട് ജഡ്ജിയുടെ പ്രതികരണം.