ഇസങ്ങളല്ല പ്രധാനം, വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങളാണ് വേണ്ടതെന്ന് കമൽ ഹാസന്‍
അണ്ണാഡിഎംകെയുടെ മോശം ഭരണമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും അതിനാലാണ് അണ്ണാഡിഎംകെ നേതാക്കളെ കാണാതിരുന്നതെന്നും കമല്‍ഹാസന്‍
നടൻ കമൽഹാസന്‍റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. നാളെ നമതേ എന്ന് പേരിട്ട യാത്ര ആദ്യ ഘട്ടത്തിൽ നാല് ജില്ലകളിലാണ്. പാർട്ടി പ്രഖ്യാപനം വൈകീട്ട് ആറിന് മധുരയിൽ നടക്കും.
രാവിലെ ഏഴരയോടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ വീട്ടിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തുടർന്ന് സ്വർണ മഹലിലെത്തി മത്സ്യത്തൊഴിലാളികളെ കണ്ടു. എല്ലാവർക്കും തന്നോട് സംസാരിക്കാനുള്ള അവസരമുണ്ടാകുമെന്ന് പ്രഖ്യാപിച്ച കമലിന് തൊഴിലാളികൾ പിന്തുണ അറിയിച്ചു. ഇസങ്ങളല്ല പ്രധാനമെന്നും വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങളാണ് വേണ്ടതെന്നും കമൽ പറഞ്ഞു.
താൻ പഠിച്ച പാഠങ്ങളിൽ പകുതി കലാമിന്റെ ജീവിതമാണ്. അദ്ദേഹം പഠിച്ച സ്കൂളിൽ കൂടി പോകണമെന്നുണ്ടായിരുന്നു. അതിന് അനുമതി ലഭിച്ചില്ല. സന്ദർശനം തടഞ്ഞവർക്ക് താൻ പഠനം തുടരുന്നത് തടയാനാവില്ലെന്നും കമൽ പറഞ്ഞു. രാമനാഥപുരം, പരമക്കുടി, മാനാ മധുരൈ എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്ക് ശേഷം വൈകീട്ട് ആറിന് മധുരയിലാണ് പാർട്ടി പ്രഖ്യാപനമുണ്ടാകുക.