രഘുറാം രാജന്‍റെ കാലാവധി നീട്ടിക്കൊടുക്കുന്നത് ഭരണപരമായ കാര്യമാണെന്ന് പ്രധാനമന്ത്രി
രഘുറാം രാജനെതിരെ ബിജെപി രാജ്യസഭ എംപി സുബ്രമണ്യം സ്വാമി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രഘുറാം രാജന്‍റെ കാലാവധി നീട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍റെ കാലാവധി നീട്ടിക്കൊടുക്കുന്ന വിഷയം ഭരണപരമായ കാര്യമാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രഘുറാം രാജനെതിരെ ബിജെപി രാജ്യസഭ എംപി സുബ്രമണ്യം സ്വാമി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രഘുറാം രാജന്‍റെ കാലാവധി നീട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ബിജെപി നേതാവും രാജ്യസഭ അംഗവുമായ സുബ്രമണ്യം സ്വാമി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. രാജന്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങള്‍, അമേരിക്കന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നായിരുന്നു ഏറ്റവും ഒടുവില്‍ ഉന്നയിച്ച ആരോപണം. രഘുറാം രാജന്‍ പൂര്‍ണ്ണ ഇന്ത്യക്കാരനല്ല, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിക്കാന്‍ കാരണം ആര്‍ബിഐ ഗവര്‍ണറുടെ നടപടികളാണ് തുടങ്ങിയ വാദങ്ങളും സ്വാമി ഉയര്‍ത്തിയിരുന്നു. സ്വാമിക്ക് പുറമേ, രഘുറാം രാജനെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി, വാണിജ്യ മന്ത്രി നിര്‍മല സീതാറാം തുടങ്ങിയവരും നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്, രഘുറാം രാജന്‍റെ കാലവാധി നീട്ടിയേക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഈ സെപ്തംബറിലാണ് ആര്‍ബിഐ ഗവര്‍ണറുടെ മൂന്ന് വര്‍ഷത്തെ കാലാവധി തികയുന്നത്. എന്‍ഡിഎ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, രഘുറാം രാജന്‍റെ കാലാവധി നീട്ടുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. ആര്‍ബിഐ ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണപരമായ വിഷയമാണ്. അക്കാര്യത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുന്നത് ഉചിതമല്ല. വിഷയം സെപ്തംബറില്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കൂ. ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.