ഒന്‍പതാം ക്ലാസില് അഡ്മിഷന്‍ ലഭിച്ച നാല് വയസുകാരി
യുപി സ്വദേശിനിയായ അനന്യ വര്‍മ്മയാണ് തന്റെ ബുദ്ധിശക്തി കൊണ്ട് സ്കൂള്‍ അധികൃതരെ അത്ഭുതപ്പെടുത്തി അഡ്മിഷന്‍ നേടിയത്
കൊച്ചുകുട്ടികളെ പഠിപ്പിക്കാന്‍ പെടുന്ന പാട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമേ അറിയൂ...ഓരോ ദിവസത്തെയും ഗൃഹപാഠങ്ങള്‍ തന്നെ ചെയ്തു തീര്‍ക്കാന്‍ രക്ഷിതാക്കള്‍ തന്നെ പാടുപെടുമ്പോള്‍ ഇവിടെ ഒരു നാല് വയസുകാരി ഒന്‍പതാം ക്ലാസില് അഡ്മിഷന്‍ നേടിയിരിക്കുകയാണ്. യുപി സ്വദേശിനിയായ അനന്യ വര്‍മ്മയാണ് തന്റെ ബുദ്ധിശക്തി കൊണ്ട് സ്കൂള്‍ അധികൃതരെ അത്ഭുതപ്പെടുത്തി അഡ്മിഷന്‍ നേടിയത്.
ബാബാസാഹിബ് ഭീംറാവും അംബേദ്ക്കര്‍ സര്‍വ്വകലാശാലയിലെ ശുചീകരണ വിഭാഗത്തില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസറായ തേജ് ബഹദൂറിന്റെയും ഛായാദേവിയുടെയും മകളാണ് അനന്യ. എഴുത്തും വായനയും അറിയാത്ത ആളാണ് ഛായാദേവി. 2011 ഡിസംബര്‍ 1നാണ് അനന്യയുടെ ജനനം. കൃത്യമായി പറഞ്ഞാല്‍ നാല് വയസും എട്ട് മാസവും പ്രായമുണ്ട് അനന്യക്ക്. ഈ കൊച്ചുപ്രായത്തില്‍ തന്നെ ഹിന്ദി വായിക്കാനറിയാം അനന്യക്ക്. ഒന്‍പതാം ക്ലാസിലെ പുസ്തകങ്ങളും മനപാഠമാണ്. അനന്യയുടെ ബുദ്ധിശക്തി തിരിച്ചറിഞ്ഞ ലക്നൌവിലെ സെന്റ്.മീര ഇന്റര്‍ കോളേജില്‍ അഡ്മിഷന്‍ നല്‍കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മതത്തോടെയാണ് അഡ്മിഷന്‍ കൊടുത്തത്. അനന്യ കഴിവുള്ള കുട്ടിയാണെന്നും ആര്‍ക്കും അവളുടെ അഡ്മിഷന്‍ തടയാന്‍ സാധിക്കില്ലെന്നും ജില്ലാ സ്കൂള്‍ ഇന്‍സ്പെക്ടര്‍ ഉമേഷ് ത്രിപാഠി പറഞ്ഞു.
ബുദ്ധിശക്തിയുടെ കാര്യത്തില്‍ അനന്യയുടെ സഹോദരിസഹോദരന്‍മാരും ഒട്ടും പിന്നിലല്ല. പതിനാലാം വയസില്‍ ബിസിഎ പാസായ ആളാണ് മൂത്ത സഹോദരനായ ശൈലേന്ദ്ര. പതിനഞ്ചാം വയസില്‍ സഹോദരി സുഷമക്ക് അംബേദ്ക്കര്‍ സര്‍വ്വകലാശാലയില്‍ പിഎച്ച്ഡിക്ക് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. ഒന്നര വയസ് കഴിഞ്ഞപ്പോഴെ അനന്യ രാമായണം വായിച്ചുതുടങ്ങിയതായി പിതാവ് ബഹദൂര്‍ പറഞ്ഞു. പഠിക്കാന്‍ അവളെ നിര്‍ബന്ധിക്കേണ്ട ആവശ്യം വരാറില്ല. കഴിവുള്ള മക്കളുടെ കാര്യത്തില്‍ തങ്ങള്‍ അനുഗൃഹീതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനന്യയുടെ പ്രിന്‍സിപ്പാളായ അനിത രാത്ര കുട്ടിയുടെ ബുദ്ധി കമ്ട് അന്തം വിട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ പത്താം ക്ലാസില്‍ ചേരണമെന്ന ആവശ്യവുമായി അനന്യ സമീപിച്ചിരുന്നു. അവളുടെ ചേച്ചി അപ്പോള്‍ ഒന്‍പതിലായിരുന്നു. അവളോട് ഞാന്‍ പത്രം വായിക്കാന്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അവളുടെ കഴിവ് തന്നെ അതിശയപ്പെടുത്തിയതായും അനിത പറഞ്ഞു.