നോട്ട് നിരോധം: ഇരുസഭകളിലും ഇന്നും ബഹളം
വിട്ടുവീഴ്ചക്ക് തയാറായ പ്രതിപക്ഷവും കടുംപിടുത്തം തുടരുന്ന ഭരണപക്ഷവും ചേര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായ 13ാം ദിവസവും സ്തംഭിപ്പിച്ചു.
വിട്ടുവീഴ്ചക്ക് തയാറായ പ്രതിപക്ഷവും കടുംപിടുത്തം തുടരുന്ന ഭരണപക്ഷവും ചേര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായ 13ാം ദിവസവും സ്തംഭിപ്പിച്ചു. ലോക്‌സഭയില്‍ 56ാം വകുപ്പനുസരിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സഭ സ്തംഭിപ്പിച്ചു കൊണ്ടിരുന്ന പ്രതിപക്ഷം 184ാം വകുപ്പനുസരിച്ച ചര്‍ച്ചക്ക് തയാറായെങ്കിലും വോട്ടെടുപ്പില്ലാത്ത ചര്‍ച്ച മതിയെന്ന നിലപാടില്‍ ഭരണപക്ഷം ഉറച്ചു നിന്നതാണ് ലോക്‌സഭ തടസ്സപ്പെടാന്‍ വഴിയൊരുക്കിയത്. പ്രധാനമന്ത്രി സഭയില്‍ ഹാജരാവണമെന്ന പ്രതിപക്ഷ ആവശ്യം ഭരണപക്ഷം തള്ളിയതാണ് രാജ്യസഭ സതംഭിക്കാന്‍ വഴിയൊരുക്കിയത്.
പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ടുജി വിവാദ കാലത്ത് മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗ് രണ്ട് ദിവസം സഭയിലിരുന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുകയും പിന്നീട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുകയുമാണ് ഉണ്ടായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും അതൊരു കീഴ്‌വഴക്കമല്ലെന്ന നിലപാടാണ് രാജ്യസഭാ നേതാവായ ജയ്റ്റ്‌ലി ഉയര്‍ത്തിയത്. ഇതിനകം 7 മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞ ചര്‍ച്ചയില്‍ പാതിവഴിയില്‍ പ്രധാനമന്ത്രി വരണമെന്ന നിര്‍ബന്ധം സഭാ നടപടികള്‍ തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രം മാത്രമാണെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.
ലോക്‌സഭയില്‍ തെലങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും നിലപാടില്‍ കുറെക്കൂടി മയം വരുത്തിയെങ്കിലും പ്രതിപക്ഷ നിരയിലെ ശേഷിച്ച 17 സംഘടനകളും ഒറ്റക്കെട്ടായി തുടരുന്നതാണ് സര്‍ക്കാറിന് തലവേദനയാകുന്നത്. 193ാം വകുപ്പനുസരിച്ച ചര്‍ച്ച മതിയെന്ന സര്‍ക്കാര്‍ നിലപാടിനെ ഇരു സംഘടനകളും പിന്തുണച്ചെങ്കിലും വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന നിലപാടില്‍ ശേഷിച്ച സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്. അടിയന്തരപ്രമേയം വേണമെന്ന ആവശ്യം ഉപേക്ഷിച്ച പ്രതിപക്ഷം 184ാം വകുപ്പനുസരിച്ച് ചര്‍ച്ച ആവാമെന്ന നിലപാടിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും 193ാം വകുപ്പ് പ്രകാരമുള്ള ഹ്രസ്വ ചര്‍ച്ച മതിയെന്നുമുള്ള ഉറച്ച നിലപാടിലാണ് ഭരണപക്ഷം.
ബാങ്കുകളില്‍ പണം തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്ക് പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള പണം വിതരണം ചെയ്യാത്തതിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തിപ്പെടുന്നതും കാണാനുണ്ട്.