തുഗ്ലക്ക് 700 വര്‍ഷം മുന്‍പ് നോട്ട് നിരോധിച്ചു; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ
മോദി സര്‍ക്കാരിന്‍റെ നോട്ടുനിരോധ നടപടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്ത്. ഡല്‍ഹി സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് 700 വര്‍ഷം മുന്‍പ് നോട്ട് നിരോധം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു.
നിരവധി ഭരണാധികാരികള്‍ സ്വന്തം മുഖം അച്ചടിച്ച് കറന്‍സികള്‍ ഇറക്കിയിട്ടുണ്ട്. പുതിയവ അച്ചടിക്കുമ്പോള്‍ ഇവര്‍ പഴയവ നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ 700 വര്‍ഷം മുന്‍പ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് പഴയ കറന്‍സികള്‍ നിര്‍ത്തലാക്കിക്കൊണ്ടാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. അതായത് നോട്ട് നിരോധം 700 വര്‍ഷം മുന്‍പ് നടപ്പാക്കിയ ഒരു പദ്ധതിയാണ്. ഇതേ തുഗ്ലക്ക് അപ്രായോഗിക തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധനായിരുന്നുവെന്നും യശ്വന്ത് സിന്‍ഹ വിശദീകരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി. നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തു. 3.75 ലക്ഷം കോടി രൂപയാണ് നോട്ട് നിരോധത്തിലൂടെയുണ്ടായ നഷ്ടം. 1,28,000 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാനായി ചെലവഴിച്ചത്. നോട്ട് നിരോധം മൂലം സാമ്പത്തികനില 1.5 ശതമാനം മന്ദഗതിയിലാണ്. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.