ഇന്ത്യയില്‍ നാല് കൊല്ലത്തിനിടെ 489 വിദ്വേഷ അതിക്രമങ്ങള്‍, 2670 ഇരകള്‍
2014 മുതല്‍ ഇതുവരെ രാജ്യത്ത് ബീഫ് അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടം അടിച്ച് കൊന്നത് 54 പേരെ. 40 പേരും മുസ്‍ലിംകളാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ദലിതര്‍.
നാല് കൊല്ലത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 489 വിദ്വേഷ അതിക്രമങ്ങള്‍. ഇവയില്‍ 2670 പേര്‍ ഇരകളാക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ അക്രമങ്ങളുണ്ടായത് ഉത്തര്‍പ്രദേശിലാണെന്നും ഡോട്ടോ ഡാറ്റാ ബേസ് ഡോട്ട് കോം വെബ്സൈറ്റ് പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.
ക്വില്‍ ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ക്രോഡീകരിച്ച വിവരങ്ങളാണ് വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. 2014 മുതല്‍ ഇതുവരെ രാജ്യത്ത് ബീഫ് അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടം അടിച്ച് കൊന്നത് 54 പേരെ. ആക്രമിച്ച് പരിക്കേല്‍പ്പിക്കപ്പെട്ട സംഭവങ്ങള്‍ 125 എണ്ണം. മത ചിഹ്നങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ 51. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ 52. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉത്തര്‍പ്രദേശിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആള്‍ക്കൂട്ടം അടിച്ചുകൊന്ന 54ല്‍ 40 പേരും മുസ്‍ലിംകളാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ദലിതര്‍. 21 പേര്‍ കൊല്ലപ്പെട്ടത് ഗോരക്ഷയുടെ പേരിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു . അക്രമങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും വെബ്സൈറ്റില്‍ അവസരമുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വിവര ശേഖരണം.