നേതാക്കളിലും അണികളിലും ആവേശം വിതച്ച് പ്ലീനറി സമ്മേളനം
നേതാക്കള്‍ മുഴുവന്‍ സമയവും വേദിയിലിരിക്കുന്ന സംവിധാനം ഒഴിവാക്കി, ഡിജിറ്റല്‍ ഡിസ്‍പ്ലേകളും മാറ്റത്തിന്റെ സമയം ഇതെന്ന മുദ്രാവാക്യവും ആകര്‍ഷകമായി.
രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന് പുതിയ ദിശയും പുത്തനുണര്‍വ്വും കൈവരുമെന്ന പ്രതീക്ഷയാണ് 84 ആമത് പ്ലീനറി സമ്മേളനം നേതാക്കളിലും പ്രവര്‍ത്തകരിലും ബാക്കിയാക്കുന്നത്. സാമ്പത്തിക - രാഷ്ട്രീയ നയ സമീപനങ്ങളില്‍ സാധാരണക്കാരന്റെ താല്‍പര്യത്തിനനുസരിച്ച് മാറ്റത്തിന് തയ്യാറാകുമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമായി കഴിഞ്ഞു. പ്രവര്‍ത്തക സമിതി അംഗങ്ങളെ കണ്ടെത്തലാണ് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ക്കൊരുങ്ങുന്ന രാഹുലിന് മുന്നിലുള്ള ആദ്യ കടമ്പ.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ക്ഷീണത്തില്‍ നിരാശയിലായിരുന്ന പ്രവര്‍ത്തകരില്‍ ആവേശവും പ്രതീക്ഷയും ഉയര്‍ത്തും വിധമായിരുന്നു പ്ലീനറിയുടെ സംഘാടനം. വേദിയുടെ രൂപ കല്‍പനയില്‍ പോലും പരമ്പരാഗത രീതികള്‍ മാറ്റിവച്ചു പാര്‍ട്ടി. നേതാക്കള്‍ മുഴുവന്‍ സമയവും വേദിയിലിരിക്കുന്ന സംവിധാനം ഒഴിവാക്കി, ഡിജിറ്റല്‍ ഡിസ്‍പ്ലേകളും മാറ്റത്തിന്റെ സമയം ഇതെന്ന മുദ്രാവാക്യവും ആകര്‍ഷകമായി.
ഇടക്ക് പ്രവര്‍ത്തികര്‍ക്കിടയില്‍ അവര്‍ പോലും അറിയാതെ രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടത് രണ്ടാം ദിനം പ്ലീനറിയിലെ വേറിട്ട കാഴ്ചയായി. ആദ്യ ദിനത്തില്‍ സോണിയാ ഗാന്ധിയുടെ പ്രസംഗവും സമാപന സെഷനിലെ രാഹുലിന്റെ പ്രസംഗവും അണികളില്‍ ആവേശം പടത്തി. രണ്ടാം ദിനം സദസ്സിനെ കയ്യെടുത്ത പ്രസംഗമായിരുന്നു പഞ്ചാബ് മന്ത്രി കൂടിയായ നവജ്യോത് സിദ്ധുവിന്റേത്. 2019 ലോകസഭാ തെരഞ്ഞെടുപ്പിന് ഇനി അധിക സമയമെന്നില്ലെന്നിരിക്കെ പ്ലീനറി ബാക്കി വെച്ച ആവേശവും ഊര്‍ജ്ജവും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഫലപ്രദമായി ഉപയോഗിക്കാനാകുമോ എന്നാണ് ഇനിയുള്ള ചോദ്യം.