രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു; ബജറ്റ് സമ്മേളനം നാളെ അവസാനിക്കും
സമ്മേളനം വെട്ടിച്ചുരുക്കിയത് 3 സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍
അന്തരിച്ച കോണ്‍ഗ്രസ് അംഗം പ്രവീണ്‍ രാഷ്ട്രപാലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള അംഗമാണ് പ്രവീണ്‍ രാഷ്ട്രപാല്‍. ബജറ്റ് സമ്മേളനം അവസാനിപ്പിച്ച് നാളെയായിരിക്കും രാജ്യസഭ പിരിയുക. ലോക്സഭയുടെ ബജറ്റ് സമ്മേളനം ഇന്നലെ അവസാനിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലായതിനാല്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളായ എം.പിമാര്‍ക്ക് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് ഇരു സഭകളിലെയും ഹാജര്‍ നിലയെ ബാധിയ്ക്കുകയും ചെയ്തു. അതിനാല്‍ എല്ലാ എം.പിമാര്‍ക്കും ബുദ്ധിമുട്ടില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാവാന്‍ അവസരം നല്‍കാനാണ് സര്‍ക്കാര്‍ സഭാ സമ്മേളനം നേരത്തെ അവസാനിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ലോക്സഭ പിരിയുന്നതിനു മുന്‍പ് നടത്തിയ നന്ദി പ്രകാശനത്തില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇക്കാര്യം പറയുകയും ചെയ്തു.
ചരക്കു സേവന നികുതി ബില്‍ അടക്കം സുപ്രധാന ബില്ലുകളും ശത്രു സ്വത്ത് ബില്‍ പോലെയുള്ള വിവാദ ബില്ലുകളും പാസ്സാക്കാതെയാണ് ബജറ്റ് സമ്മേളനം അവസാനിയ്ക്കുന്നത്.