രണ്ടാമൂഴത്തിനില്ലെന്ന് രഘുറാം രാജന്‍; കേന്ദ്ര സമ്മര്‍ദ്ദമെന്ന് സൂചന

Update: 2018-05-19 04:39 GMT
Editor : admin
രണ്ടാമൂഴത്തിനില്ലെന്ന് രഘുറാം രാജന്‍; കേന്ദ്ര സമ്മര്‍ദ്ദമെന്ന് സൂചന
Advertising

രഘുറാം രാജനെതിരെ സുബ്രമണ്യം സ്വാമി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സ്ഥാനമൊഴിയുമെന്ന് രഘുറാം അറിയിച്ചത്

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് സ്വമേധയാ പ്രഖ്യാപിച്ചെങ്കിലും രഘുറാം രാജന്റെ പടിയിറക്കം കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചന. രഘുറാം രാജനെതിരെ ബിജെപി നേതാവ് സുബ്രമണ്യം സ്വാമി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സെപ്തംബറില്‍ കാലാവധി പൂര്‍ത്തിയായ ശേഷം സ്ഥാനമൊഴിയുമെന്ന് രഘുറാം അറിയിച്ചത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി.

ദീര്‍ഘനാളത്തെ ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ടാണ്, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് രഘുറാം രാജന്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ നാലിന് കാലാവധി അവസാനിക്കുമ്പോള്‍ ഇഷ്ട മേഖലയായ അക്കാദമിക് രംഗത്തേക്ക് മടങ്ങുമെന്ന് സഹപ്രവര്‍ത്തകര്‍ക്കയച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രാജന്റെ തീരുമാനം സര്‍ക്കാരിന് തന്നെ താല്‍പര്യമില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ടാണെന്ന സൂചന ഈ കുറിപ്പില്‍ തന്നെയുണ്ട്. സര്‍ക്കാറുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെന്ന് അദ്ദേഹം ഇതില്‍ വ്യക്തമാക്കിയിരുന്നു.

ധനനയത്തിലും, പലിശ നിരക്കുകളിലും രാജന്‍ പിന്തുടരുന്ന കര്‍ക്കശ നിലപാടില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അമിത അവകാശ വാദങ്ങളെ പരസ്യമായ തള്ളിപ്പറയുന്ന രാജന്റെ സത്യസന്ധതയും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവും രാജ്യസഭ അംഗവുമായ സുബ്രമണ്യംസ്വാമി രാജനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ ഘട്ടത്തിലൊന്നും സ്വാമിയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രിയോ ധനമന്ത്രിയോ തയ്യാറായിരുന്നില്ല. രഘുറാം രാജന് കാലാവധി നീട്ടിക്കൊടുക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല എന്ന നിലക്കാണ് ഇത് വിലയിരുത്തപ്പെട്ടത്. തീരുമാനം പുറത്തുവന്നതിന് തൊട്ട് പിന്നാലെ, പുതിയ ഗവര്‍ണറെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവനയും ഇതാണ് സൂചിപ്പിക്കുന്നത്.

അതേസമയം മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. എല്ലാമറിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഘുറാം രാജനെപ്പോലെയുള്ളവരെ ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌രംഗത്തെ മുന്നോട്ട് നയിച്ചതിന് രഘുറാം രാജന് നന്ദിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News