യുപിയില്‍ റെയില്‍വേ ട്രാക്കില്‍ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഉത്തര്‍പ്രദേശിലെ റാംപുരില്‍ റെയില്‍വേ ട്രാക്കില്‍ പണിയെടുക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ റെയില്‍വേക്കെതിരെ വ്യാപക പ്രതിഷേധമാണ്..
ഉത്തര്‍പ്രദേശിലെ റാംപുരില്‍ റെയില്‍വേ ട്രാക്കില്‍ പണിയെടുക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. കുട്ടികള്‍ ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ റെയില്‍വേക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ട്രാക്കില്‍ കുട്ടികള്‍ ജോലി ചെയ്തിരുന്നതായി റെയില്‍വേ ഡിവിഷണല്‍ മാനേജറുടെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിച്ചത് കരാറുകാരനാണെന്നും, റെയില്‍വേക്ക് സംഭവത്തില്‍ പങ്കില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
''റെയില്‍വേ ഏതെങ്കിലും തരത്തില്‍ ബാലവേല പ്രോത്സാഹിപ്പിക്കുന്നില്ല റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപണികള്‍ക്ക് ഏല്‍പ്പിച്ച കരാറുകാരാണ് കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 3 നാണ് കരാറുകാരന്‍ ഈ ജോലി ആരംഭിച്ചത്. അതേ ദിവസം തന്നെ കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് സീനിയര്‍ വിഭാഗം എന്‍ജിനീയറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം കുട്ടികളെ ജോലി സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.'' റെയില്‍വേയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ കരാറുകാരന്‍ കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നത് ആവര്‍ത്തിക്കുകയായിരുന്നു. സംഭവത്തില്‍ കരാറുകാരന് മുന്നറിയിപ്പ് നല്‍കിയതായി ഇസത് നഗര്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.