ആംബുലന്‍സില്ല, ഗര്‍ഭിണിയായ മകളെ പിതാവ് 6 കിമീ സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തിച്ചു

Update: 2018-05-22 23:21 GMT
Editor : Jaisy
ആംബുലന്‍സില്ല, ഗര്‍ഭിണിയായ മകളെ പിതാവ് 6 കിമീ സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തിച്ചു
Advertising

ഭോപ്പാലിലെ ബുണ്ടേല്‍ഖണ്ഡിലാണ് സംഭവം നടന്നത്

അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ഉത്തരേന്ത്യയില്‍ തുടര്‍ക്കഥയാവുകയാണ്. പ്രാകൃത ജീവിതത്തില്‍ നിന്നും ഒട്ടു മുന്നോട്ടു പോകാന്‍ സാധിക്കാത്ത സാധാരണക്കാര്‍. എല്ലാത്തിനും കാരണം അധികാരികളാണെന്ന് നിസ്സംശയം പറയാം. വാഹനമില്ലാത്തതിനാല്‍ പത്ത് കിലോ മീറ്റര്‍ ഭാര്യയുടെ മൃതദേഹം ചുമന്ന ഒഡിഷയിലെ ദനാ മജ്ഹി, പ്രസവ വേദന കൊണ്ട് പുളയുമ്പോഴും ആറ് കിലോ മീറ്റര്‍ നടക്കേണ്ടി വന്ന മധ്യപ്രദേശുകാരിയായ സന്ധ്യാ യാദവ്..സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കുകയാണ്.

എന്നിട്ടും അധികാരികളുടെ കണ്ണുകള്‍ തുറക്കുന്നില്ല. കഴിഞ്ഞ ദിവസം ഇതിന് സമാനമായൊരു സംഭവത്തിന് കൂടി ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചു. ഭോപ്പാലിലെ ബുണ്ടേല്‍ഖണ്ഡിലാണ് സംഭവം നടന്നത്. വാഹനമില്ലാത്തതിനാല്‍ ഗര്‍ഭിണിയായ മകളെ സൈക്കിളില്‍ ആശുപത്രിയിലെത്തിക്കേണ്ട ഗതികേടുണ്ടായത് നാനാഭായ് എന്ന പിതാവിനാണ്. പ്രസവ വേദന കൊണ്ട് കരഞ്ഞ മകളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ആ ഒരു മാര്‍ഗമേ അയാളുടെ മുന്നിലുണ്ടായിരുന്നുള്ളൂ. ചത്തര്‍പൂര്‍ ജില്ലയിലെ ഷാപൂര്‍ ഗ്രാമവാസിയാണ് 46കാരനായ നാനാഭായ്. ഇദ്ദേഹത്തിന്റെ മകളാണ് ഇരുപത്തിരണ്ടുകാരിയായ പാര്‍വ്വതി. ഗര്‍ഭിണിയായ പാര്‍വ്വതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് നാനാഭായ് തന്റെ സൈക്കിള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. നാനാഭായിയുടെ വീട്ടില്‍ നിന്നും ആറ് കിലോ മീറ്റര്‍ അകലെയാണ് ആശുപത്രി.

ആശുപത്രിയിലെത്തിയ ഉടന്‍ പാര്‍വ്വതി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്യും. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനാല്‍ സൈക്കിളില്‍ തന്നെയാണ് അമ്മയേയും കുഞ്ഞിനെയും തിരികെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച രാവിലെ മുതലേ അവള്‍ക്ക് പ്രസവ വേദന തുടങ്ങിയിരുന്നു. ഗ്രാമത്തിലെ രോഗികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ജനനി എക്സ്പ്രസ് ആംബുലന്‍സുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു മറുപടിയുമുണ്ടായില്ലെന്ന് നാനാഭായ് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News