നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാകണം, കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ മാറണം: ജസ്റ്റിസ് ചെലമേശ്വര്‍
രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാകണം എന്നാവര്‍ത്തിച്ച് ജസ്റ്റിസ് ചെലമേശ്വര്‍.
രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാകണം എന്നാവര്‍ത്തിച്ച് ജസ്റ്റിസ് ചെലമേശ്വര്‍. അതാഗ്രഹിക്കുന്ന ആളാണ് താനെന്നും ചെലമേശ്വര്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന പ്രശ്നം യാഥാര്‍ത്ഥ്യമാണെന്നും ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പത്രസമ്മേളനം വിളിച്ച് പ്രതിഷേധിച്ച ശേഷം, ജസ്റ്റിസ് ചെലമേശ്വര്‍ പങ്കെടുത്ത ആദ്യത്തെ പൊതു പരിപാടിയായിരുന്നു ഈ പുസ്തക പ്രകാശന ചടങ്ങ്. നീതിന്യായവ്യവസ്ഥ സ്വതന്ത്രമാകണം എന്നാഗ്രഹിക്കുന്ന ആളാണ് താനെന്നും അത്തരം ആഗ്രഹമുള്ളവര്‍ സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും ചെലമേശ്വര്‍ പറഞ്ഞു.
സ്വതന്ത്ര ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍, അതിജീവിക്കണമെങ്കില്‍, പക്ഷപാതിത്വ രഹിതവും സ്വതന്ത്രവുമായ ജുഡീഷ്യറി അനിവാര്യമാണ്. എന്നാല്‍ സുപ്രിംകോടതി പ്രതിസന്ധിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ ചെലമേശ്വര്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നങ്ങള്‍ യാഥാര്‍ത്ഥ്യമാണ്, പരിഹാരം വേണം, എങ്കില്‍ മാത്രമേ നീതിന്യായ വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാകൂ എന്ന് ചെലമേശ്വര്‍ പറഞ്ഞു. സുപ്രിംകോടതി പ്രതിസന്ധിയിലെ പുരോഗതി സംബന്ധിച്ച് പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആരാഞ്ഞെങ്കിലും അദ്ദേഹം കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല. ജസ്റ്റിസ് മഥന്‍ ബി ലോകൂറും ചടങ്ങില്‍ പങ്കെടുത്തു.