ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം മാവോയിസ്റ്റുകള്‍ തള്ളി
കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി, സംഘപരിവാർ സംരക്ഷിക്കുന്ന സവർണ ഫാസിസ്റ്റ് ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്നും കുറ്റപ്പെടുത്തി.
ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം തള്ളി മാവോയിസ്റ്റുകൾ. കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി, സംഘപരിവാർ സംരക്ഷിക്കുന്ന സവർണ ഫാസിസ്റ്റ് ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്നും കുറ്റപ്പെടുത്തി. അതിനിടെ ഗൌരി ലങ്കേഷിനെയും കൽബുർഗിയേയും കൊലപ്പെടുത്തിയത് ഒരേ തരത്തിലുള്ള തോക്ക് ഉപയോഗിച്ചാണെന്ന ഫോറൻസിക് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.
സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി വക്താവ് അഭയ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളാണെന്ന പ്രചരണം തള്ളിയത്. സംഘപരിവാറിന് എതിരായ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനാണ് ശ്രമം. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. സംഘപരിവാർ സംരക്ഷിക്കുന്ന സവർണ ഫാസിസ്റ്റ് ഗുണ്ടകളാണ് ഗൌരിയെ കൊലപ്പെടുത്തിയതെന്നും സിപിഐ മാവോയിസ്റ്റ് കുറ്റപ്പെടുത്തി. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണാ അയ്യൂബിന്റെ പുസ്തകം ഗൌരി പരിഭാഷപ്പെടുത്തിയതാണ് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ കണ്ണിലെ കരടായി അവർ മാറാനുള്ള കാരണം. അതിനാൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഗൌരിക്കായി തെരുവിൽ ഇറങ്ങണമെന്നും മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു.
അതിനിടെ കൽബുര്‍ഗി - ഗൌരി ലങ്കേഷ് കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേ സംഘമാകാമെന്ന നിഗമനത്തിലാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം. 7.65 എംഎം നാടൻ തോക്ക് തന്നെയാണ് ഇരു കൊലപാതകങ്ങൾക്കും ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന പ്രാഥമിക ഫോറൻസിക് റിപ്പോർട്ടും ബാലിസ്റ്റിക് റിപ്പോർട്ടും അന്വേഷണ സംഘത്തിന് ലഭിച്ചു. തിരകളടക്കം പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇത്തരം നിഗമനത്തിലേക്ക് എത്തിയത്. കൂടാതെ ഇരു കൊലപാതകങ്ങളും നടത്തിയ രീതി മുതലുള്ള സമാനതകളും അന്വേഷണസംഘം വിശദമായി താരതമ്യ പഠനത്തിന് വിധേയമാക്കിയതായാണ് വിവരം.