ഓന്തിനേക്കാള്‍ വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ നിറം മാറുന്നതെന്ന് ശിവസേന

Update: 2018-05-23 16:45 GMT
Editor : admin
ഓന്തിനേക്കാള്‍ വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ നിറം മാറുന്നതെന്ന് ശിവസേന
Advertising

കശ്മീരി നേതാക്കള്‍ക്ക് ഏത് രാജ്യത്തിന്റെ പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നതിന് വിലക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതാണ് ശിവസേനയെ പ്രകോപിപ്പിച്ചത്.

ഓന്തിനേക്കാള്‍ വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ നിറം മാറുന്നതെന്ന് ശിവസേന. കശ്മീരി നേതാക്കള്‍ക്ക് ഏത് രാജ്യത്തിന്റെ പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നതിന് വിലക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞെന്ന റിപ്പോര്‍ട്ടാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. വിഘടനവാദികള്‍ക്ക് പാകിസ്താനുമായി സംസാരിക്കാനുള്ള അനുവാദമാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് മുഖപത്രമായ സാംമ്നയില്‍ ശിവസേന കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയതോടെ ഹൂറിയത്ത് കോണ്‍ഫ്രന്‍സ് മസൂദ് അസറുമായും ദാവൂദ് ഇബ്രാഹിമുമായും ചര്‍ച്ച നടത്താന്‍ പോവുകയാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ഇത്തരമൊരു അനുമതി ലഭിച്ചതെങ്കില്‍ ബിജെപിയും സംഘപരിവാറും അവരെ പാകിസ്താന്‍ ഏജന്റുമാര്‍ എന്ന് കുറ്റപ്പെടുത്തിയേനെ. രാജ്യത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് വിമര്‍ശിച്ച് രാജ്യദ്രോഹികള്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടേനെയെന്നും മുഖപ്രസംഗം പറയുന്നു.

കശ്മീര്‍ ഒഴികെ എന്തുവിഷയവും പാകിസ്താനുമായി ചര്‍ച്ച ചെയ്യാം എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നിട്ട് ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലും എടുക്കാത്ത നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. പിഡിപിയുമായി ഭരണം പങ്കിടുന്ന ബിജെപി പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ച് തീവ്രവാദത്തെ ശക്തിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി.

ഹൂറിയത് നേതാക്കള്‍ പാകിസ്താന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ പാടില്ലെന്ന നിബന്ധന കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയത്. വിദേശകാര്യ സഹമന്ത്രി വി കെ സിങ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് നിലപാട് തിരുത്തിയത്. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗവും കശ്മീരി നേതാക്കള്‍ ഇന്ത്യന്‍ പൗരന്മാരുമാണെന്നിരിക്കെ അവര്‍ ഇന്ത്യയില്‍ വെച്ച് ഏതെങ്കിലും രാജ്യത്തിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വിലക്കില്ലെന്നാണ് വി കെ സിങ് പാര്‍ലമെന്റിന് എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News