'ബുദ്ധ ഇന്‍ എ ട്രാഫിക് ജാം' ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജാദവ്‍പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘര്‍ഷം
അനുപം ഖേര്‍, രൂപാ ഗാംഗുലി എന്നിവര്‍ അഭിനയിച്ച് വിനോദ് അഗ്നിഹോത്രി സംവിധാനം ചെയ്ത രാഷ്ട്രീയ സിനിമയായ ബുദ്ധാ ഇന്‍ എ ട്രാഫിക് ജാം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് കാമ്പസില്‍ സംഘര്‍ഷം ഉണ്ടായത്.
ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ എബിവിപിയും ഇടതു വിദ്യാര്‍ത്ഥി സംഘടനയും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇനിയും അയവ് വന്നില്ല. സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത നാല് ബിജെപി പ്രവര്‍ത്തകരെ കോളജിലെ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചിരുന്നു. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രൂപ ഗാംഗുലിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി ഗേറ്റിനടുത്ത് തടിച്ചു കൂടിയതും സംഘര്‍ഷത്തിനിടയാക്കി.
അനുപം ഖേര്‍, രൂപാ ഗാംഗുലി എന്നിവര്‍ അഭിനയിച്ച് വിനോദ് അഗ്നിഹോത്രി സംവിധാനം ചെയ്ത രാഷ്ട്രീയ സിനിമയായ ബുദ്ധാ ഇന്‍ എ ട്രാഫിക് ജാം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് കാമ്പസില്‍ സംഘര്‍ഷം ഉണ്ടായത്. സിനിമാ പ്രദര്‍ശനത്തിന് നേരത്തെ ക്യാംപസില്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് ഒരു വിഭാഗം സിനിമ പ്രദര്‍ശിപ്പിച്ചത്. ക്ലാസ്സുകള്‍ അവസാനിച്ച് രാത്രി 10 ഓടെ ആയിരുന്നു പ്രദര്‍ശനം നടന്നത്.
ചിത്രത്തില്‍ വിഭാഗീയത ഉണ്ടെന്നാരോപിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രദര്‍ശനം തുടങ്ങിയ ശേഷം പ്രതിഷേധവുമായെത്തി. ഇത് ചോദ്യം ചെയ്യാനെത്തിയ എബിവിപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പിന്നീട് ഇരുവിഭാഗവും തമ്മില്‍ നടന്ന അടിപിടിയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. അതിനിടെ പുറത്ത് നിന്ന് വന്ന ചിലര്‍ സംഘര്‍ഷത്തില്‍ ഇടപെടുകയും വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയതായും പരാതിയുയരുകയായിരുന്നു. സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സംഘര്‍ഷത്തിനിടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ നാലുപേരെ വിദ്യാര്‍ഥികള്‍ പിടികൂടി വൈസ് ചാന്‍സലര്‍ക്ക് കൈമാറിയിരുന്നു. ഈ നാലുപേരെ തെറ്റിദ്ധാരണ മൂലമാണ് പിടിച്ചുവെച്ചിരിക്കുന്നതെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് രൂപാ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ കാമ്പസിലെത്തിയത്. എന്നാല്‍ ഇവരെ നാലുപേരെയും സര്‍വകലാശാല അധികൃതര്‍ പോലീസിലേല്‍പ്പിച്ചു.
ഇന്നലെ രാവിലെ കാമ്പസിലെത്തിയ വിവേക് അഗ്നിഹോത്രിക്കെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. സംവിധായകനെ കാറില്‍ നിന്നിറങ്ങാന്‍ പോലും അനുവദിക്കാത്ത തരത്തിലായിരുന്നു പ്രതിഷേധം.
സിനിമാ പ്രദര്‍ശനം നിഷേധിച്ചതിലോ പ്രദര്‍ശിപ്പിച്ചതിലോ യൂണിവേഴ്‌സിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍.