വിദേശികള്‍ ഇന്ത്യയില്‍ കുട്ടിപ്പാവാട ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് മഹേഷ് ശര്‍മ
താന്‍ ഒരു പിതാവു കൂടിയാണെന്നും എന്ത് വസ്ത്രം ധരിക്കണമെന്ന് ആരോടും നിര്‍ദേശിച്ചിട്ടില്ലെന്നും വിശദീകരണ പ്രസ്താവനയില്‍ മഹേഷ് ശര്‍മ പറഞ്ഞു...
വിദേശികള്‍ ഇന്ത്യയില്‍ വന്നിറങ്ങുമ്പോള്‍ കുട്ടിപ്പാവാടകള്‍ ധരിക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി മഹേഷ് ശര്‍മ. പ്രസ്താവന വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി മഹേഷ് ശര്‍മ രംഗത്തു വന്നു. എന്ത് വസ്ത്രം ധരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിദേശികള്‍ ഗുരുദ്വാരകളില്‍ പോകുമ്പോള്‍ ശിരോവസ്ത്രം ധരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നുമാണ് മഹേഷ് ശര്‍മയുടെ പുതിയ വിശദീകരണം.
നേരത്തെയും വിവിധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള കേന്ദ്ര സാസ്‌കാരിക സഹമന്ത്രി മഹേഷ് ശര്‍മ വിദേശികളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പ്രസ്താവനയിലൂടെയാണ് പുതിയ വിവാദമുണ്ടാക്കിയത്. ഇന്ത്യ ഒരു സാംസ്‌കാരിക രാജ്യമാണെന്നും ക്ഷേത്രങ്ങളില്‍ പോകുന്നതിന് പ്രത്യേക വസ്ത്ര ധാരണ രീതികളുണ്ടെന്നും ഇവിടെയെത്തുന്ന വിദേശികള്‍ വസ്ത്രം ധരിക്കുമ്പോള്‍ അക്കാര്യം മനസ്സില്‍ വെക്കണമെന്നും മഹേഷ് ശര്‍മ പറഞ്ഞു.
വിദേശികള്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന വെല്‍കം കിറ്റുകളില്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ചെറിയ പട്ടണങ്ങളില്‍ ഒറ്റയ്ക്ക് കറങ്ങി നടക്കരുത്, രാത്രി വസ്ത്രങ്ങളോ കുട്ടിപ്പാവാടകളോ ധരിച്ച് പുറത്തിറങ്ങരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അതിലുണ്ടെന്നും മഹേഷ് ശര്‍മ പറഞ്ഞു. ഇത് വിവാദമായതോടെയാണ് വിശദീകരണം നടത്തിയത്. താന്‍ ഒരു പിതാവു കൂടിയാണെന്നും എന്ത് വസ്ത്രം ധരിക്കണമെന്ന് ആരോടും നിര്‍ദേശിച്ചിട്ടില്ലെന്നും വിശദീകരണ പ്രസ്താവനയില്‍ മഹേഷ് ശര്‍മ പറഞ്ഞു.