ഗാന്ധി സ്മൃതികളുമായി ബിര്‍ള ഹൌസ്

Update: 2018-05-24 00:02 GMT
ഗാന്ധി സ്മൃതികളുമായി ബിര്‍ള ഹൌസ്
Advertising

ബിര്‍ള ഹൌസ് വിദേശ സഞ്ചാരികളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നു

Full View

മഹാത്മാഗാന്ധി വെടിയേറ്റു വീണ ഡല്‍ഹിയിലെ ബിര്‍ള ഹൌസ് ഇപ്പോള്‍ ഗാന്ധി സ്മൃതി മന്ദിരമാണ്. ഗാന്ധിജിയുടെ നിത്യോപയോഗ സാധനങ്ങളും പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തിയ ചിത്രങ്ങളുമൊക്കെ സൂക്ഷിച്ചിട്ടുള്ള അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന സ്മാരകമായ ബിര്‍ള ഹൌസ് വിദേശ സഞ്ചാരികളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നു.

ഗാന്ധിജി അവസാന നാളുകള്‍ ചെലവിട്ട ഇവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന കിടക്കയും ഇരിപ്പിടങ്ങളും ചര്‍ക്കയും വടിയും മെതിയടിയും കണ്ണടയും വാച്ചും അടക്കമുള്ള സാധനങ്ങള്‍ അതേപടി സൂക്ഷിച്ചിട്ടുണ്ട്.അവസാന നിമിഷങ്ങളില്‍ മുന്‍വശത്തെ മുറിയില്‍ ചര്‍ച്ച നടത്തിയ ശേഷം സര്‍ദാര്‍ പട്ടേലിനൊപ്പം പ്രാര്‍ത്ഥനാ സ്ഥലത്തേയ്ക്ക് നടന്ന വഴിയും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയുണ്ടയേറ്റ് വീണ സ്ഥലത്താണ് സ്മൃതി മണ്ഡപം. ദിവസേന രണ്ടായിരത്തില്‍ കുറയാത്ത ആളുകളാണ് ഗാന്ധി സ്മൃതി സന്ദര്‍ശിക്കാനെത്തുന്നത്. വിദേശികള്‍ കൂടുതലായി എത്തുന്ന ശൈത്യകാലത്ത് ഇത് നാലായിരം വരെയായി ഉയരും. ലാളിത്യത്തിന്റെ പ്രതിരൂപമായ അതുല്യ വ്യക്തിപ്രഭാവമുള്ള മനുഷ്യനെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവിടെയെത്തുന്നതെന്ന് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവരുമുണ്ട്. മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെയും അന്ത്യനിമിഷങ്ങളുടെയും എല്ലാം സ്മരണകള്‍ നിലനില്‍ക്കുന്ന ഇടമാണ് ബിര്‍ള ഹൌസ്. ആ ഓര്‍മകളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് നിരവധിയാളുകള്‍ ഇപ്പോഴും ഇവിടെയെത്തുന്നത്.

Tags:    

Similar News