രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് പെരുകുന്നു; മൂന്ന് വര്‍ഷത്തിനിടെ കണ്ടുകെട്ടിയത് 28000 കോടി

Update: 2018-05-24 16:14 GMT
Editor : Jaisy
രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് പെരുകുന്നു; മൂന്ന് വര്‍ഷത്തിനിടെ കണ്ടുകെട്ടിയത് 28000 കോടി
Advertising

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 27, 982 കോടിയുടെ സ്വത്തുവകകളാണ്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിഷ്ക്രിയ ആസ്തികളിന്‍മേല്‍ വിശദമായ അന്വേഷണം നടത്താന്‍ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായും ധനമന്ത്രാലയം വ്യക്തമാക്കി.

ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ധനകാര്യമന്ത്രാലയം രാജ്യത്തെ സാമ്പത്തിക തട്ടിപ്പിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്തത് 605 കേസുകളാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയത് ഏകദേശം 28000 കോടിയുടെ സ്വത്ത് വകകളും. ഇവയില്‍ 7109 കോടിയും ഈ വര്‍ഷം ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ്. 234 റെയിഡുകളിലൂടെയാണ് 7109 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞരണ്ട് മാസം കൊണ്ട് പിടിച്ചെടുത്തത്. പിഎന്‍ബി വായ്പ തട്ടിപ്പ് പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്സി, റോട്ടോമാക്ക് ഉടമ വിക്രം കോത്താരി എന്നിവരുടെ സ്വത്തുക്കളും ഇവയില്‍ പെടും. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ 50 കോടിയിലേറെ വരുന്ന നിഷ്ക്രിയ ആസ്തികള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ദേശസാത്കൃത ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News