സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അധ്യാപകരെന്ന് പൊലീസ്; 3 പേര്‍ അറസ്റ്റില്‍

Update: 2018-05-24 19:44 GMT
Editor : Sithara
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അധ്യാപകരെന്ന് പൊലീസ്; 3 പേര്‍ അറസ്റ്റില്‍
Advertising

രണ്ട് അധ്യാപകരെയും ഒരു കോച്ചിങ് സെന്‍റര്‍ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സ്വകാര്യ സ്കൂളിലെ അധ്യാപകരെന്ന് പ്രത്യേക അന്വേഷണ സംഘം. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അധ്യാപകര്‍ പേപ്പര്‍ ചോര്‍ത്തി ട്യൂഷന്‍ സെന്‍റര്‍ അധ്യാപകന് കൈമാറി. രണ്ട് അധ്യാപകരടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരായ റിഷഭ്, രോഹിത് എന്നീ അധ്യാപകര്‍ 26ന് നടന്ന പ്ലസ്ടു എകണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 9.45 ന് തുറക്കേണ്ട ചോദ്യപേപ്പര്‍ ഒരു മണിക്കൂര്‍ മുമ്പെ തുറക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഫോട്ടോ എടുത്ത് വാട്സ്ആപ്പിലൂടെ ട്യൂഷന്‍ സെന്‍റര്‍ ഉടമയായ തൌഖീറിന് അയച്ചു കൊടുത്തു. തൌഖീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരു സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം ആറ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് അന്വേഷണ സംഘം തൌഖീറിലേക്ക് എത്തിയത്.

ചോര്‍ച്ച സംബന്ധിച്ച് സിബിഎസ്ഇക്ക് മുന്നറിയിപ്പ് നല്‍കി മെയില്‍ അയച്ച ആളെ കുറിച്ചുള്ള വിവരം, കഴിഞ്ഞ ദിവസം ഗൂഗിള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. കൂടുതല്‍ വിഷയങ്ങളുടെ ചോദ്യം ചോര്‍ന്നെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 10, പ്ലസ് ടു ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലും പുനപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളും വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളും നാളെ സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നേക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News