ഹരിയാനയില്‍ രണ്ടാംഘട്ട ജാട്ട് പ്രക്ഷോഭത്തിന് തുടക്കം

Update: 2018-05-24 09:24 GMT
Editor : admin
ഹരിയാനയില്‍ രണ്ടാംഘട്ട ജാട്ട് പ്രക്ഷോഭത്തിന് തുടക്കം
Advertising

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തുമടക്കം സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് വിഭാഗക്കാരുടെ രണ്ടാം ഘട്ട പ്രക്ഷോഭം ആരംഭിച്ചു.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തുമടക്കം സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് വിഭാഗക്കാരുടെ രണ്ടാം ഘട്ട പ്രക്ഷോഭം ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തിനാണ് തുടക്കമായിരിക്കുന്നത്. അക്രമം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി 7 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ‌55 കമ്പനി പാരമിലിട്ടറി ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്.

അഖിലേന്ത്യാ ജാട്ട് ആരാക്ഷന്‍ സംഘര്‍ഷ് സമിതിയാണ് രണ്ടാംഘട്ട പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി മാസം നടന്ന പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അക്രമം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഹരിയാനയില്‍ സുരക്ഷ ശക്തമാക്കിയത്. എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കുകയും സെക്രട്ടറിയേറ്റില്‍ പ്രത്യേക കലാപനിയന്ത്രണ സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഛജ്ജര്‍, റോത്തക്ക് കേത്തര്‍ എന്നിവയടക്കം 7 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സംവിധാനങ്ങളും റദ്ദ് ചെയ്തു.

ഫെബ്രുവരിയില്‍ ആദ്യഘട്ട പ്രക്ഷോഭത്തിനിടെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. ആദ്യഘട്ട പ്രക്ഷോഭത്തെതുടര്‍ന്ന് ജാട്ട് അടക്കം അഞ്ച് സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പഞ്ചാബ്-ഹരിയാന ഹൈകോടതികള്‍ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ജാട്ട് സംവരണ വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ലെന്നും ആരോപിച്ചാണ് പ്രക്ഷോഭം വീണ്ടും ശക്തമാക്കാന്‍ തീരുമാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News