ഇഎംഎസ് ഭവന പദ്ധതിയില്‍ 6 കോടിയിലധികം രൂപയുടെ അഴിമതി
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വരെ ആനുകൂല്യം നല്‍കി
ഇഎംഎസ് ഭവന പദ്ധതിയുടെ പേരില്‍ പത്തനംതിട്ടയിലെ പതിനാല് ഗ്രാമ പഞ്ചായത്തുകളിലായി ആറ് കോടിയിലധികം രൂപയുടെ അഴിമതി നടന്നതായി വിവരാവകാശ രേഖ. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വരെ ആനുകൂല്യം നല്‍കി. ഇതില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് വിതരണത്തില്‍ മാത്രമാണ് വിജിലന്‍സ് അന്വേഷണമുണ്ടായത്.
കൈവശാവകശ രേഖയുള്ളവര്‍ക്ക് മാത്രമാണ് ഇഎംഎസ് ഭവനനിര്‍മാണ ധനസഹായം അനുവദിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കൈവശാവകാശ രേഖയില്ലാത്തതും, താല്‍കാലിക കൈവശാവകാശ രേഖയുള്ളതുമായ ഭൂമിയില്‍ വീട് വെക്കുന്നതിനാണ് പഞ്ചായത്തുകള്‍ പണം അനുവദിച്ചത്. അനര്‍ഹരായ 771 പേര്‍ ഇത്തരത്തില്‍ ആനുകൂല്യം നേടി. ഇതുവഴി 6,03,15,476 - രൂപയുടെ അധികബാധ്യതായുണ്ടായി. 2010-11 -കാലയളവിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍ 75,000 രൂപയും വീതമാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന പദ്ധതി വിഹിതവും പഞ്ചായത്ത് പരിധിയിലെ സഹകരണ ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയും ഉപയോഗിച്ചാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. ഇതിന്റെ തിരിച്ചടവ് കൂടി കണക്കിലെടുക്കുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതയാണ് പഞ്ചായത്തുകള്‍ക്ക് വന്നു ചേരുക. പതിനാല് പഞ്ചായത്തുകളില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ 22 ലക്ഷം രൂപയുടെ നഷ്ടം വരുത്തിവെച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.