അമര്‍സിങ്ങിന്റെ പൂത്തിരിയും രാം ഗോപാല്‍ യാദവിന്റെ ചുവന്ന മുളകുമായി മാര്‍ക്കറ്റ് പിടിച്ച് പടക്കവിപണി
സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ രേഖപ്പെടുത്തി എന്താണ് പേരുകൊണ്ടുദ്ദേശിക്കുന്നതെന്ന് അതാതു പാക്കറ്റുകളിന്മേല്‍ പറയാതെ പറഞ്ഞിട്ടുണ്ട്.
യാദവ് കുടുംബത്തിലെ തര്‍ക്കവും സമാജ് വാദിപാര്‍ട്ടിയിലെ കലാപവുമൊക്കെയാണ് ഇത്തവണ ഉത്തര്‍പ്രദേശിലെ പടക്കവിപണിയിലെ ചര്‍ച്ചാവിഷയം. അമര്‍സിങ്ങിന്റെ പൂത്തിരിയും രാംഗോപാല്‍ യാദവിന്റെ ചുവന്ന മുളകുമൊക്കെയാണ് പടക്ക വിപണിയില്‍ താരങ്ങള്‍. സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലാണ് ഈ പടക്കങ്ങള്‍ വില്‍ക്കുന്നത്.
സമാജ് വാദ് പാര്‍ട്ടിയിലെയും യാദവ് കുടുംബത്തിലെയും പൊട്ടിത്തെറി ഉത്തര്‍ പ്രദേശിലെ ദീപാവലി പടക്ക വിപണിയിലും പടര്‍ന്നു കയറിയിരിക്കുകയാണ്. പടക്ക നിര്‍മാതാക്കള്‍ സര്‍ഗാത്മകത പുറത്തെടുത്തപ്പോള്‍ കൌതുകകരമായ പേരുകളും പാക്കറ്റുകളും കൊണ്ട് പടക്ക വില്പന ശാലകള്‍ നിറഞ്ഞു. അമര്‍സിങ്ങ് കീ ഫൂല്‍ഝരി അഥവാ അമര്‍സിങ്ങിന്റെ പൂത്തിരി, രാംഗോപാല്‍ യാദവ് കീ ലാല്‍ മിര്‍ച്ചി അഥവാ രാം ഗോപാല്‍ യാദവിന്റെ ചുവന്ന മുളക് എന്നിങ്ങനെയൊക്കെയാണ് പാക്കറ്റുകള്‍ക്ക് മുകളില്‍ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സമാജ് വാദി ടാഗ് വാര്‍ എന്നു പേരിട്ട ഒരിനവുമുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ രേഖപ്പെടുത്തി എന്താണ് പേരുകൊണ്ടുദ്ദേശിക്കുന്നതെന്ന് അതാതു പാക്കറ്റുകളിന്മേല്‍ പറയാതെ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് അമര്‍സിങ്ങ് കി ഫൂല്‍ഝഡിയില്‍ ഒരറ്റത്ത് അമര്‍സിങ്ങും മറ്റേ അറ്റത്ത് അഖിലേഷ് യാദവുമാണ്. ബി.ജെ.പിയിലും പടക്ക നിര്‍മാതാക്കള്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. മോദി ബോംബും സര്‍ജിക്കല്‍ സ്ട്രൈക്കുമൊക്കെ വിപണിയില്‍ ലഭ്യമാണ്.