പശ്ചിമബംഗാള്‍ രാജ്‍ഭവന്‍ ആര്‍എസ്എസ് ശാഖയാക്കി മാറ്റിയെന്ന് തൃണമൂല്‍
ബിജെപിയുടെ ബ്ലോക്ക് പ്രസിഡന്‍റിനെപ്പോലെയാണ് അദ്ദേഹം (ഗവര്‍ണര്‍) സംസാരിച്ചത്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയാണെന്ന് അദ്ദേഹം മനസിലാക്കണം
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശാരിനാഥ് ത്രിപാഠിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ ഗവര്ണര് അത്യന്തം മോശമായ ഭാഷ പ്രയോഗിച്ചെന്നും രാജ്‍ഭവനെ ആര്‍എസ്എസ് ശാഖയാക്കി മാറ്റിയ നടപടി ദൌര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടി വക്തവ് ഡെറിക് ഒബ്രൈന്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ 156 ാം അനുഛേദപ്രകാരം ഈ സംഭവത്തിന് ശേഷം പ്രസിഡന്‍റിന് ഗവര്‍ണറെ നീക്കം ചെയ്യാവുന്നതാണെന്നും സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെലിഫോണ്‍ സംഭാഷണത്തിനിടെ ഗവര്ണര് അത്യന്തം മോശവും നീചവുമായ ഭാഷയാണ് തന്നോട് പ്രയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. ബദൂരിയയിലെ സാമുദായിക സംഘര്‍ഷത്തെ സംബന്ധിച്ച സംഭാഷണത്തിനിടെ ബിജെപിയുടെ ഭാഗം ചേര്‍ന്നുള്ള അദ്ദേഹത്തിന്‍റെ സംസാരം എന്നെ സംബന്ധിച്ചിടത്തോളം വല്ലാതെ അപമാനിക്കുന്നതായിരുന്നു. ഇത്തരത്തില്‍ സംസാരിക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ ബ്ലോക്ക് പ്രസിഡന്‍റിനെപ്പോലെയാണ് അദ്ദേഹം (ഗവര്‍ണര്‍) സംസാരിച്ചത്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയാണെന്ന് അദ്ദേഹം മനസിലാക്കണം. ആരുടെയും ഔദാര്യത്തിലല്ല ഞാനിവിടെ എത്തിയത്. അദ്ദേഹത്തിന്‍റെ സംസാര രീതി കേട്ടപ്പോള്‍ കസേര ഒഴിഞ്ഞാലോ എന്നുവരെ ഒരു നിമിഷം ഞാന്‍ ചിന്തിച്ചു - മമത പറഞ്ഞു.