ഗുജറാത്തില്‍ 15 % സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍
കൊലപാതകവും ബലാത്സംഗവുമടക്കമുള്ള കേസുകളില്‍ പ്രതികളായവരാണ് മത്സരരംഗത്തുള്ള ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളുമെന്ന് സന്നദ്ധസംഘടനകളുടെ വിശകലനം വ്യക്തമാക്കുന്നു
ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 15 ശതമാനം സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. കൊലപാതകവും ബലാത്സംഗവുമടക്കമുള്ള കേസുകളില്‍ പ്രതികളായവരാണ് മത്സരരംഗത്തുള്ള ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളുമെന്ന് സന്നദ്ധസംഘടനകളുടെ വിശകലനം വ്യക്തമാക്കുന്നു.
ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 977 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ഇവരില്‍ 137 സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് നാമനിര്‍ദേശ പത്രികള്‍ക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഇവരില്‍ 78 പേരും കൊലപാതകം, കൊലപാതകശ്രമം തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്നും നാമനിര്‍ദേശപത്രികകള്‍ വിശകലനം ചെയ്ത വിവിധ സംഘടനകള്‍ കണ്ടെത്തി. 20 ക്രിമിനലുകളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ബിജെപി 10 ഉം ബിഎസ്പി 8 ഉം ക്രിമിനലുകളെയാണ് മത്സരരംഗത്തിറക്കിയത്. ജെഡിയു മുന്‍ എംഎല്‍എ ചോട്ടു വാസവയുടെ മകന്‍ മഹേഷ് വാസവയ്ക്കെതിരെയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 2 കൊലപാതകം, ഒരു കൊലപാതകശ്രമം, കൊള്ള തുടങ്ങി 24 ക്രിമനല്‍ കേസുകളാണ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സ്ഥാനാര്ത്ഥിയായ മഹേഷ് വാസവയ്ക്കെതിരെയുള്ളത്. ബിജെപിയുടെ ജിതേന്ദ്ര സോമാനിക്കെതിരെ 13 കേസുകളുണ്ട്. ഇവരില്‍ പലരും അതീവ പ്രശ്നബാധിത മണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.