അവര്‍ ഹോളി ആഘോഷിക്കട്ടെ; നമുക്ക് ജുമുഅഃ നമസ്‍കാരം അല്‍പം വൈകിപ്പിക്കാമെന്ന് ഇമാം

Update: 2018-05-25 04:45 GMT
അവര്‍ ഹോളി ആഘോഷിക്കട്ടെ; നമുക്ക് ജുമുഅഃ നമസ്‍കാരം അല്‍പം വൈകിപ്പിക്കാമെന്ന് ഇമാം
Advertising

ഈ വര്‍ഷത്തെ ഹോളി ആഘോഷിക്കാന്‍ വിശ്വാസികള്‍ക്ക് സൌകര്യമൊരുക്കാനായി അന്നേദിവസത്തെ ജുമുഅഃ നമസ്കാരം അല്‍പം വൈകുന്നതാണെന്ന ആഹ്വാനവുമായി ഇമാം

ഈ വര്‍ഷത്തെ ഹോളി ആഘോഷിക്കാന്‍ വിശ്വാസികള്‍ക്ക് സൌകര്യമൊരുക്കാനായി അന്നേദിവസത്തെ ജുമുഅഃ നമസ്കാരം അല്‍പം വൈകുന്നതാണെന്ന ആഹ്വാനവുമായി ഇമാം. ലക്‍നൌവിലെ ഐഷ്ഭാഗ് ഈദ്‍ഗാഹിലെ ഇമാമാണ് നഗരത്തിലെ എല്ലാ പള്ളികളിലും വരുന്ന വെള്ളിയാഴ്ചയിലെ ജുമുഅഃ നമസ്കാരം അല്‍പം വൈകിപ്പിക്കേണ്ടതാണെന്ന് അറിയിച്ചത്. മാര്‍ച്ച് 2 വെള്ളിയാഴ്ച ഹോളിയായതിനാലാണ് ഇത്.

ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണിവരെയാണ് ഹോളി ആഘോഷം അതിന്റെ ഉച്ചസ്ഥായിയില്‍ നടക്കുന്നത്. മുസ്‍ലിംകളുടെ ജുമുഅഃ നമസ്കാരത്തിന്റെ സമയവും അതുതന്നെയാണ്. ഈ വര്‍ഷത്തെ ഹോളി വെള്ളിയാഴ്ച വന്നതിനാല്‍ ജുമുഅഃ നമസ്കാരം ഒരു മണിക്കൂര്‍ വൈകിപ്പിക്കേണ്ടതാണെന്നാണ് ഇമാം മൌലാന ഖാലിദ് റാഷിജ് ഫിറാംഗി മഹാലിയുടെ ആഹ്വാനം. ഐഷ്ഭാഗ് ഈദ്‍ഗാഹിലെ ജുമുഅഃ നമസ്കാരം അന്ന് 12.45 ന് പകരം 01.45 ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ഹിന്ദു സഹോദരങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഹോളി ആഘോഷിക്കാനായി ലഭിക്കുന്നത്.. അവര്‍ക്ക് ഹോളി നല്ലരീതിയില്‍ ആഘോഷിക്കാനായി നമസ്കാരത്തിന്റെ സമയത്തില്‍ അല്‍പം മാറ്റം വരുത്തുന്നുവെന്ന് മാത്രം. ഞാന്‍ സംസാരിച്ച പലരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. ഇത് സമൂഹത്തിന് നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും'' -ഇമാം മൌലാന ഖാലിദ് റാഷിജ് ഫിറാംഗി മഹാലി പറയുന്നു. ഇതാദ്യമായാണ് ഹോളിക്ക് വേണ്ടി ജുമുഅഃ നമസ്കാരത്തിന്റെ സമയം മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോളി ആഘോഷം സമാധാനപരമായിരിക്കാനും ഒരുക്കങ്ങള്‍ വിലയിരുത്താനും യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈദ്യുതി, ജലവിതരണം മുടങ്ങരുതെന്നും അതത് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.

Tags:    

Similar News