ഞാന്‍ തുളസി, പതിനാല് വയസ്, ശൈശവ വിവാഹം വേണ്ടെന്നു വച്ചു

Update: 2018-05-26 23:02 GMT
Editor : Jaisy
ഞാന്‍ തുളസി, പതിനാല് വയസ്, ശൈശവ വിവാഹം വേണ്ടെന്നു വച്ചു
Advertising

ബല്‍ഗാവി ജില്ലയിലെ കാലഖാമ്പ് ഗ്രാമവാസിയായ തുളസി സമപ്രായക്കാര്‍ക്ക് ഒരു പ്രചോദനം കൂടിയാണ്

ശൈശവ വിവാഹം ആചാരമായി കണക്കാക്കുന്ന സമൂഹം, സ്വന്തം ഇച്ഛാശക്തി കൊണ്ട് അതില്‍ നിന്നും രക്ഷപെട്ട കഥയാണ് പതിനാലുകാരിയായ തുളസിക്ക് പറയാനുള്ളത്. കര്‍ണാടക, ബല്‍ഗാവി ജില്ലയിലെ കാലഖാമ്പ് ഗ്രാമവാസിയായ തുളസി സമപ്രായക്കാര്‍ക്ക് ഒരു പ്രചോദനം കൂടിയാണ്. കണക്കൂകള്‍ നോക്കിയാല്‍ തുളസിയുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞിരിക്കണം, പക്ഷേ അത് നടന്നില്ല, അതുകൊണ്ട് തുളസി ഇപ്പോഴും പഠിക്കുന്നു, കുടുംബ പ്രാരാബ്ദങ്ങളില്ലാതെ ഒരു ചിത്രശലഭത്തെപ്പോലെ ആ കൌമാരക്കാരി ജീവിതം ആസ്വദിക്കുന്നു.

പട്ടികജാതി വിഭാഗത്തില്‍പെട്ട സുഡുഗാഡു സിദ്ധ വിഭാഗത്തില്‍ പെട്ട ആളാണ് തുളസി. ഋതുമതിയായി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകണമെന്നാണ് കാലഖാബ് ഗ്രാമത്തിലെ അലിഖിത നിയമം. ഭയം മൂലം ആരും ഇതിനെ എതിര്‍ക്കാറില്ല. തുളസിയുടെ മാതാപിതാക്കളും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തരായിരുന്നില്ല. മകള്‍ ഋതുമതിയായി കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ അവള്‍ക്കായി വരനെയും കണ്ടുപിടിച്ച് വിവാഹമുറപ്പിച്ചു. 2103ല്‍ പതിനഞ്ചുകാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്. അപ്പോള്‍ തുളസിക്ക് പ്രായം പതിനൊന്ന്. ശൈശവ വിവാഹം തെറ്റാണെന്ന ബോധ്യമൊക്കെ തനിക്കുണ്ടായിരുന്നുവെങ്കിലും എതിര്‍ക്കാനുള്ള തന്റേടമുണ്ടായിരുന്നില്ലെന്ന് തുളസി പറയുന്നു. വിവാഹ നിശ്ചയത്തിന് ശേഷം പഠനം ഉപേക്ഷിച്ച് തങ്ങളോടോപ്പം കൂലി വേലക്ക് വരാന്‍ മാതാപിതാക്കള്‍ തുളസിയെ നിര്‍ബന്ധിച്ചു. പക്ഷേ ജോലിക്ക് പോകാന്‍ തുളസിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഇതിനിടിയില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളും തുളസിയുടെ വീട്ടില്‍ തുടങ്ങിയിരുന്നു. ഡോണ്‍ ബോസ്കോ സ്കൂളിലെ തന്റെ അധ്യാപികയായ സിസ്റ്റര്‍ അനിതയുടെ സഹായം തേടാന്‍ തുളസി തീരുമാനിച്ചു.

സര്‍വ്വശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് തുളസിക്ക് സ്കൂളില്‍ പോകാന്‍ സാധിച്ചത്. ആ സമയത്ത് പരിചയപ്പെട്ടതാണ് സിസ്റ്റര്‍ അനിതയെ. താന്‍ വിവാഹിതയാകാന്‍ പോകുന്ന കാര്യം അവള്‍ സിസ്റ്ററെ അറിയിച്ചു, തന്റെ മാതാപിതാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഈ സമയത്ത് സിസ്റ്റര്‍ അനിതയുടെ നേതൃത്വത്തില്‍ ശൈശവ വിവാഹത്തിനെതിരെ തെരുവ് നാടകം പോലുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. തെരുവ് നാടകത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമായിരുന്നു തുളസിക്ക്. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് തെരുവുനാടകങ്ങള്‍ കളിച്ചു. ശൈവ വിവാഹം ഒരു സാമൂഹ്യ പ്രശ്നമാണെന്ന് ഈ യാത്രയിലാണ് തുളസി തിരിച്ചറിയുന്നത്.

തന്റെ വിവാഹം വേണ്ടെന്നു വയ്ക്കുക മാത്രമല്ല, അഞ്ച് പേരെ ഇതില്‍ നിന്നും തുളസി രക്ഷിക്കുകയും ചെയ്തു. വിവാഹമെന്ന പേടിസ്വപ്നമൊന്നും ഇപ്പോള്‍ ഈ കൌമാരക്കാരിയുടെ ജീവിതത്തിലില്ല, പഠിച്ച് ഒരു ഡോക്ടറാവുക എന്നതാണ് ഇപ്പോള്‍ തുളസിയുടെ ഏറ്റവും വലിയ സ്വപ്നം.

ബെല്‍ഗാവി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്പന്ദന എന്ന എന്‍ജിഒ കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വടക്കന്‍ കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ ശൈശവ വിവാഹങ്ങള്‍ സര്‍വ്വസാധാരണമാണെന്ന് സ്പന്ദന ഡയറക്ടര്‍ സുശീല പറഞ്ഞു. പാരമ്പര്യം എന്നതിന്റെ ചുവട് പിടിച്ചാണ് ഇവിടെ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 50 ശൈശവ വിവാഹങ്ങള്‍ സ്പന്ദനയുടെ നേതൃത്വത്തില്‍ തടഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ അഞ്ച് പെണ്‍കുട്ടികളെ ശൈശവ വിവാഹത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. പലരും ഇത്തരം വിവാഹം അര്‍ദ്ധ രാത്രിയാണ് നടത്തുന്നത്..സുശീല പറഞ്ഞു. ഗ്രാമത്തിലെ 40 ശതമാനം പെണ്‍കുട്ടികളും പതിനെട്ട് വയസിന് മുന്‍പേ വിവാഹിതരാകുന്നവരാണ്. പതിനഞ്ച് ശതമാനം പേരും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് അമ്മയാകുന്നു. സുശീല പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News