ഗോപിചന്ദ് കൊള്ളാം; പക്ഷേ സിന്ധുവിന് മികച്ച കോച്ചിനെ കണ്ടുപിടിക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി
ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യക്ക് രണ്ടു മെഡലുകള്‍ നേടിത്തന്നത് പുല്ലേല ഗോപീചന്ദ് എന്ന ബാഡ്മിന്റണ്‍ അതികായന്റെ പരിശീലന കളരിയില്‍ നിന്നാണ്.
ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യക്ക് രണ്ടു മെഡലുകള്‍ നേടിത്തന്നത് പുല്ലേല ഗോപിചന്ദ് എന്ന ബാഡ്മിന്റണ്‍ അതികായന്റെ പരിശീലന കളരിയില്‍ നിന്നാണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ സൈന നെഹ്‍വാളിലൂടെ വെങ്കലവും ഇത്തവണ റിയോയില്‍ പിവി സിന്ധുവിലൂടെ വെള്ളിയും. ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും സിന്ധുവാണ്. എന്നാല്‍ സിന്ധുവിന് ഈ നേട്ടത്തിലേക്കുള്ള പാത വെട്ടിത്തുറന്ന ഗോപിചന്ദിന്റെ വില കുറച്ച് കാണിക്കുന്ന തരത്തിലായിരുന്നു തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിയുടെ പ്രസ്താവന. ഗോപിചന്ദ് നല്ല പരിശീലകന്‍ തന്നെയാണ്. പക്ഷേ ഗോപിചന്ദിനേക്കാള്‍ മികച്ച കോച്ചിനെ സിന്ധുവിനായി തെലങ്കാന സര്‍ക്കാര്‍ കണ്ടുപിടിക്കുമെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. രാജ്യം മുഴുവന്‍ സിന്ധുവിനെ അഭിമാനമായാണ് കാണുന്നത്. ഇതുവരെ ആരും ഈ നേട്ടത്തില്‍ എത്തിയിരുന്നില്ല. ലോകം മുഴുവന്‍ തെലങ്കാനയുടെ മകളുടെ പെരുമ പരക്കുന്നതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ സിന്ധുവിന് വേണ്ടി മികച്ചൊരു കോച്ചിനെ കണ്ടെത്തും. നിലവിലെ കോച്ച് ഗോപീചന്ദ് മികച്ച കോച്ചാണ്. പക്ഷേ റിയോയില്‍ നേടിയ വെള്ളി അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണമാക്കാന്‍ സിന്ധുവിന് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനവും മികച്ച കോച്ചിനെയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സദുദ്ദേശ്യത്തില്‍ പറഞ്ഞതാണെങ്കിലും ഔചിത്യമില്ലാതെ നടത്തിയ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്.