ദലിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ വിഷം കൊടുത്തു കൊന്നു
ഇരുപതുകാരിയായ സുഷമയാണ് മരിച്ചത്
ദലിത് യുവാവുമായ പ്രണയത്തിലായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം കൊടുത്തു കൊലപ്പെടുത്തി. ഇരുപതുകാരിയായ സുഷമയാണ് മരിച്ചത്. മൈസൂരില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഗൊള്ളാന്‍ബീഡ് ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
സംഭവത്തില്‍ സുഷമയുടെ പിതാവ് കുമാര്‍ ഗൌഡയെ പൊലീസ് ചോദ്യം ചെയ്തു. അമ്മയും അമ്മാവനും പൊലീസ് നിരീക്ഷണത്തിലാണ്. അയല്‍ഗ്രാമമായ അലന്‍ഹള്ളിയിലെ ദലിത് സമുദായത്തില്‍ പെട്ട യുവാവുമായി സുഷമ പ്രണയത്തിലായിരുന്നു. പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന ഇയാളുമായുള്ള ബന്ധത്തെ സുഷമയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികളില്‍ മുത്തതാണ് സുഷമ. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗൌഡയും പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് സുഷമയെ ഈ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഹുലിക്കിറയിലുള്ള ബന്ധുവീട്ടിലേക്ക് അയച്ചു. ഇതിനിടയില്‍ സുഷമയെ മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും നടന്നില്ല. ഫെബ്രുവരി 20ന് വീട്ടുകാര്‍ വീണ്ടും സുഷമയെ വിവാഹത്തിന് നിര്‍ബന്ധിച്ചു. സുഷമയുമായുള്ള സംഭാഷണത്തിനിടയില്‍ വിഷം കലര്‍ന്ന ഓറഞ്ച് ജ്യൂസ് അമ്മ ജയന്തി കുടിക്കാന്‍ നല്‍കി. എന്നാല്‍ രുചി വ്യത്യാസം തോന്നിയ സുഷമ ജ്യൂസ് കുടിക്കുന്നത് നിര്‍ത്തി. ഇതു കണ്ട ഗൌഡയും ജയന്തിയും അമ്മാവനും ചേര്‍ന്ന് ജ്യൂസ് സുഷമയുടെ തൊണ്ടയിലേക്ക് ബലമായി ഒഴിച്ചു കൊടുക്കുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്പി എന്‍.രുദ്രമുനി പറഞ്ഞു.
രാത്രി 10.30നാണ് സംഭവം നടന്നത്. ഫെബ്രുവരി 21ന് പുലര്‍ച്ചെ നാല് മണിയോടെ സുഷമ മരിക്കുകയും ചെയ്തു. ആറ് മണിക്കൂറോളം സുഷമ ജീവന് വേണ്ടി പിടഞ്ഞതായി ഗൌഡ പൊലീസിനോട് പറഞ്ഞു. സുഷമയുടെ ശരീരം കൃഷിസ്ഥലത്ത് രഹസ്യമായി സംസ്കരിക്കുകയും ചെയ്തു. ഭാര്യയുടെയും ഭാര്യാ സഹോദരന്റെയും സഹായത്തോടെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഗൌഡ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.