രാമക്ഷേത്ര നിര്‍മ്മാണം: അനുകൂലമായ നിരവധി രേഖകളുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം നേരത്തെ തന്നെ ബിജെപിയുടെ അജണ്ടയിലുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ കോടതിവിധിക്കായി കാത്തിരിക്കുകയാണ് പാര്‍ട്ടിയെന്ന് രവിശങ്കര്‍ പ്രസാദ്
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായ നിരവധി രേഖകളുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമ മന്ത്രി എന്ന നിലയിലല്ല നിയമ വിദഗ്ധന്‍ എന്ന നിലയിലാണ് താന്‍ ഇത് പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം നേരത്തെ തന്നെ ബിജെപിയുടെ അജണ്ടയിലുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ കോടതിവിധിക്കായി കാത്തിരിക്കുകയാണ് പാര്‍ട്ടിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ബിജെപിക്ക് അധികാരമുള്ള സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള ബിഎസ്പി നേതാവ് മായാവതിയുടേയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെയും നീക്കത്തെയും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. നിരാശയുടെ സൂചനയാണത്. അവര്‍ക്ക് ബിജെപിയെ ഭയമാണ്. പക്ഷെ ബിജെപിയുടെ രാഷ്ട്രീയത്തിന് അനുകൂലമാണ് ജനവിധിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.