ഗുജറാത്തിലെ കര്‍ഷകര്‍ ഇന്നും ദുരിതത്തില്‍
കാര്‍ഷിക മേഖലയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്ന്.
കാര്‍ഷിക മേഖലയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്ന്. വെള്ളമില്ലായ്മ, വിളയ്ക്ക് വിലയില്ലായ്മ, കടം തുടങ്ങി പല പ്രശ്നങ്ങള്‍ നേരിടുന്നു കര്‍ഷകര്‍. വായ്പ എഴുതിത്തള്ളണമെന്ന ആവശ്യമുയര്‍ത്തി കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.
നഗരത്തിന്‍റെ ധാരാളിത്തം പിന്നിട്ടാല്‍ ഗുജറാത്തിലെ ഗ്രാമീണരുടെ മുഖ്യ വരുമാനമാര്‍ഗം കൃഷിയാണ്. കരിമ്പും നിലക്കടലയും ഉള്ളിയും. കൃഷിയില്‍ സര്‍ക്കാറിന്‍റെ സഹായമില്ലെന്നാണ് കര്‍ഷകരും തൊഴിലാളികളും പറയുന്നത്.
"കുറഞ്ഞ വിലയ്ക്ക് വൈദ്യുതി, വെള്ളം തുടങ്ങി ഒരു പാട് വാഗ്ദാനങ്ങളുണ്ട്. ഒന്നും കിട്ടുന്നില്ലെന്ന് മാത്രം. പത്ത് വര്‍ഷത്തിലധികമായി കൃഷി നടത്തുന്നു. ഒരു മെച്ചവുമില്ല"- കര്‍ഷകര്‍ പറയുന്നു.
കൂലി ഒരു ദിവസത്തേക്കേ തികയൂ. ഒരു ദിവസം പണിയെടുത്തില്ലെങ്കില്‍ പട്ടിണിയാകും. ഇവരുടെ രോഷം കോണ്‍ഗ്രസിനെ തുണയ്ക്കുമെന്ന് ഉറപ്പില്ല. കാരണം കോണ്‍ഗ്രസ് വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ ഇവര്‍ പങ്കുവെക്കുന്നില്ല.