മോദിജി ഒരുപാട് സഹായിച്ചിട്ടുണ്ട്, എങ്ങനെ വെറുക്കാനാകും? രാഹുല്‍
തനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്ത മോദിജിയെ എങ്ങനെ വെറുക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്ത മോദിജിയെ എങ്ങനെ വെറുക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ നരേന്ദ്ര മോദിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. തന്‍റെ കുടുംബത്തിനെതിരായ മോദിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുലിന്‍റെ പ്രതികരണം.
"എന്‍റെ പിതാവിനെയും എന്നെയും അധിക്ഷേപിക്കുമ്പോള്‍ എനിക്ക് ഒന്നുകില്‍ അവരെ വെറുക്കാം അല്ലെങ്കില്‍ അവരെ കൂടുതല്‍ സ്നേഹിക്കാം. എന്‍റെ മുന്നില്‍ അവര്‍ കൂടുതല്‍ തടസ്സങ്ങളുണ്ടാക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തനാവും. അക്കാര്യത്തില്‍ മോദിജിയാണ് എനിക്ക് ഏറ്റവും സഹായം ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ എനിക്കെങ്ങനെ വെറുക്കാനാകും? എന്‍റെ ഉള്ളില്‍ വിദ്വേഷമില്ല" രാഹുല്‍ നയം വ്യക്തമാക്കി.
ബിജെപിക്ക് ഗുജറാത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ഭയമാണ്. ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് പറഞ്ഞ കഷ്ടപ്പാടുകളും പ്രശ്നങ്ങളും മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയത്. പ്രതികരിക്കുന്ന ആ ജനങ്ങളെയാണ്, അല്ലാതെ തന്നെയല്ല ബിജെപി ഭയക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.