മോദിയുടെ ജന്മനാട്ടില്‍ ബിജെപി തോറ്റു; എന്തുകൊണ്ട് ?

Update: 2018-05-27 18:54 GMT
Editor : Alwyn K Jose
മോദിയുടെ ജന്മനാട്ടില്‍ ബിജെപി തോറ്റു; എന്തുകൊണ്ട് ?
Advertising

ഗുജറാത്തില്‍ അമിത് ഷാ അവകാശപ്പെട്ടതു പോലെയൊരു ഗംഭീരജയം പിടിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേവലഭൂരിപക്ഷം താണ്ടാന്‍ ബിജെപിക്ക് കഴിയുമ്പോഴും അവര്‍ക്ക് നാണക്കേടായി ഒരു തോല്‍വിയുണ്ട്.

ഗുജറാത്തില്‍ അമിത് ഷാ അവകാശപ്പെട്ടതു പോലെയൊരു ഗംഭീരജയം പിടിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേവലഭൂരിപക്ഷം താണ്ടാന്‍ ബിജെപിക്ക് കഴിയുമ്പോള്‍ അവര്‍ക്ക് നാണക്കേടായി ഒരു തോല്‍വിയുണ്ട്. മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് തിരിച്ചടിയായ തോല്‍വി. മോദിയുടെ ജന്മനാടായ ഉന്‍ജ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗംഭീര ജയം നേടി വെന്നിക്കൊടി പാറിച്ചത്.

കോണ്‍ഗ്രസിന്റെ ആശാ പട്ടേല്‍ 19000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2012 ല്‍ ബിജെപിയുടെ നാരായണ്‍ പട്ടേല്‍ കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഉന്‍ജയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അട്ടിമറി ജയം സ്വന്തമാക്കിയത്. പട്ടീദാര്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതാണ് ഉന്‍ജയിലെ വിജയത്തിന് കാരണമായി വിലയിരുത്തുന്നത്. പട്ടേല്‍ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പ് ആയിരുന്നു ബിജെപിക്കിത്. പട്ടീദാര്‍മാര്‍ക്ക് വന്‍ സ്വാധീനമുള്ള മേഖലയാണ് ഉന്‍ജ. ഇവിടുത്തെ ജനസംഖ്യയില്‍ 40 ശതമാനവും പട്ടേല്‍ വിഭാഗമാണ്. ബിജെപിയോടുള്ള എതിര്‍പ്പ് വോട്ടര്‍മാര്‍ പ്രകടമാക്കിയപ്പോള്‍ ബിജെപിയുടെ സ്വന്തം മണ്ണെന്ന് കരുതുന്നിടത്തു നിന്ന് കാവിക്കൊടി നീങ്ങി.

രണ്ടു വര്‍ഷം മുമ്പ് ആഞ്ഞടിച്ച പട്ടേല്‍ സമരത്തിനിടെ കൊല്ലപ്പെട്ട 14 യുവാക്കളില്‍ ഒരാള്‍ ഉന്‍ജ സ്വദേശിയായിരുന്നു. ബിജെപിയോടുള്ള രോഷം കത്തിനിന്നിരുന്ന സമയത്ത് 2015 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥിയെ പോലും ബിജെപി ഇവിടെ മത്സരിപ്പിച്ചില്ല എന്നതും ശ്രദ്ധേയമായിരുന്നു. ഇതിന് ശേഷം ഗ്രാന്റുകള്‍ നല്‍കി പട്ടേല്‍ വിഭാഗത്തെ പ്രീണിപ്പിക്കാന്‍ വിജയ് രൂപാനി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായ ഫലം കണ്ടില്ലെന്ന് വേണം ജനവിധിയെ വിലയിരുത്താന്‍.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News