ഐഎന്‍എക്സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തെകോടതിയില്‍ ഹാജരാക്കി

Update: 2018-05-27 06:56 GMT
ഐഎന്‍എക്സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തെകോടതിയില്‍ ഹാജരാക്കി
Advertising

കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും,

ഐഎൻഎക്‌സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിലുള്ള കാർത്തി ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി. ഇന്നലെ അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയത്.

ഒന്നര മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഇന്നലെ സിബിഐ കോടതി ഉത്തരവിട്ടത്. സിബിഐ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും മറ്റുള്ളവരെ പോലെ താന്‍ ഇന്ത്യ വിടില്ലെന്നും കാര്‍ത്തി ചിദംബരം കോടതിയില്‍ പറഞ്ഞു.

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇന്നലെ രാവിലെയാണ് ചെന്നൈയില്‍ വെച്ച് സിബിഐ അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ ഡല്‍ഹി സിബിഐ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും കോടതിയിലേക്ക് പോകവെ കാര്‍ത്തി ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‍വിയാണ് കേസില്‍ കാര്‍ത്തിക്കായി ഹാജരായത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഈ കേസിലില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു തവണ പോലും സിബിഐ സമന്‍സ് അയച്ചിട്ടില്ല. മറ്റുള്ളവരെപ്പോലെ കാര്‍ത്തിക് ചിദംബരം രാജ്യം വിടില്ലെന്നും സിംഗ്‍വി വാദിച്ചു.

എന്നാല്‍ കേസില്‍‌ ഇതുവരെ കാര്‍ത്തി നിസ്സഹകരിച്ചുവെന്നും നല്‍കിയ മൊഴികളിലെല്ലാം വൈരുധ്യമുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. 15 ദിവസത്തെ കസ്റ്റഡിയും സിബിഐ തേടി. ഇരു വാദവും കേട്ട കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിഎൻബി അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിയമാനുസൃത നടപടി മാത്രമാണ് അറസ്റ്റെന്ന് ബിജെപിയും പ്രതികരിച്ചു.

Tags:    

Similar News