ക്രിമിനലായി ചിത്രീകരിക്കപ്പെട്ടു, ഇന്ത്യയിലേക്ക് മടങ്ങാന്‍ സമയമായില്ല: വിജയ് മല്യ
ഇന്ത്യയിലേക്ക് മടങ്ങാന്‍ ഇതല്ല ഉചിതമായ സമയമെന്ന് വിജയ് മല്യ. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മല്യ
ഇന്ത്യയിലേക്ക് മടങ്ങാന്‍ ഇതല്ല ഉചിതമായ സമയമെന്ന് വിജയ് മല്യ. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇരയാക്കപ്പെടുകയായിരുന്നു. സണ്‍ഡെ ഗാഡിയന്‍ എന്ന പത്രത്തിന് ഇ മെയിലില്‍ നല്‍കിയ മറുപടിയിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.
ലോണ്‍ അടയ്ക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണോ ഇന്ത്യ വിട്ടത് എന്ന ചോദ്യത്തിന് തന്‍റെ സുഹൃത്തിനൊപ്പം വ്യക്തിപരമായ ആവശ്യത്തിനാണ് ലണ്ടനിലെത്തിയത് എന്നായിരുന്നു മറുപടി. ഏഴ് ബാഗുമായാണ് രാജ്യം വിട്ടത് എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അത്രയും ബാഗുകള്‍ കൊണ്ടുപോകുന്നത് കൂടുതലാണെന്ന് കരുതുന്നില്ല. ബിസിനസ് ആവശ്യത്തിനായിരുന്നില്ല തന്‍റെ യാത്രയെന്നും മല്യ വ്യക്തമാക്കി.
ഒരു ക്രിമിനല്‍ ആയി തന്നെ ചിത്രീകരിക്കുന്നതിന് എന്തിനാണ്? ലോണ്‍ അടയ്ക്കുക എന്നത് ബിസിനസ് സംബന്ധമായ കാര്യമാണ്. ബിസിനസ് അഭിവൃദ്ധിപ്പെട്ട് വരികയായിരുന്നു. പെട്ടെന്ന് ചില താഴ്ചകളുണ്ടായി. അതിനനര്‍ത്ഥം താന്‍ വില്ലനാണെന്നല്ല. നല്ല ഉദ്ദേശത്തോടെയാണ് ബിസിനസ് ചെയ്യുന്നത്. മിണ്ടാതിരിക്കുന്നത് വാക്കുകള്‍ വളച്ചൊടിക്കപ്പെടുമെന്ന പേടി കൊണ്ടാണെന്നും മല്യ വ്യക്തമാക്കി.
ഒരു ക്രിമിനലായി ചിത്രീകരിക്കപ്പെട്ടതുകൊണ്ട് ഇതല്ല ഇന്ത്യയിലേക്ക് മടങ്ങാനുള്ള സമയം. തന്‍റെ ഭാഗം വിശദീകരിക്കാന്‍ ഒരു ദിവസം അവസരം ലഭിക്കുമെന്ന് ഉറപ്പുണ്ട്. ഇന്ത്യയാണ് എല്ലാം തന്നത്. ഇന്ത്യയാണ് തന്നെ വിജയ് മല്യയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.