നോട്ട് അസാധുവാക്കിയതല്ല ബിജെപിയുടെ വിജയത്തിന് കാരണം: ശിവസേന
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ വിജയത്തിന് കാരണം നോട്ട് നിരോധമല്ലെന്ന് ശിവസേന
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ജനങ്ങള്‍ ബിജെപിയെ വിജയിപ്പിച്ചത് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം കൊണ്ടാണെന്ന് ശിവസേന. അല്ലാതെ നോട്ട് നിരോധനം നടപ്പാക്കിയതുകൊണ്ടല്ലെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. യുപിയിലെ പ്രചാരണത്തിന്റെ പ്രതിഫലനം തൊട്ടടുത്ത ഉത്തരാഖണ്ഡിലും ലഭിച്ചു. അതേസമയം ഗോവയില്‍ മനോഹര്‍ പരീക്കറെ പോലൊരു നേതാവില്ലായിരുന്നെങ്കില്‍ 15 സീറ്റുപോലും ബിജെപിക്ക് ലഭിക്കില്ലായിരുന്നുവെന്നും ശിവസേന നിരീക്ഷിച്ചു. പഞ്ചാബില്‍ തോല്‍വി അറിഞ്ഞു. മണിപ്പൂരിലും ജനങ്ങള്‍ പൂര്‍ണമായി ബിജെപിക്കൊപ്പമായിരുന്നില്ല. യുപിയിലെ വിജയത്തെ കുറിച്ച് പറയുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ അവസ്ഥയും ചര്‍ച്ച ചെയ്യണമെന്ന് ശിവസേന ആവശ്യപ്പെടുന്നു.
കബറിസ്താന്‍ - ശ്മശാനം പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുപിയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ കഴിഞ്ഞു. അതേസമയം ഏകീകൃത സിവില്‍ കോഡും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നെന്നും ശിവസേന വ്യക്തമാക്കി.