ഭ്രാന്തന്‍ വികസനത്തിന്‍റെ അവസാന ദീപാവലി: ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ പ്രചാരണവുമായി കോണ്‍ഗ്രസ്
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്ന വികസന മാതൃകയുടെ അവസാന ദീപാവലിയാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കാംപയിനാണിതെന്ന് കോണ്‍ഗ്രസ്
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പുതിയ ഹാഷ് ടാഗുമായി കോണ്‍ഗ്രസ്. ഭ്രാന്തന്‍ വികസനത്തിന്‍റെ അവസാന ദീപാവലി എന്നതാണ് കോണ്‍ഗ്രസിന്‍റെ പുതിയ പ്രചാരണ വാചകം. നേരത്തെ വികസനത്തിന് വട്ടായി എന്ന പേരില്‍ കോണ്‍ഗ്രസ് നടത്തിയ കാംപെയിന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗുജറാത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്ന വികസന മാതൃകയുടെ അവസാന ദീപാവലിയാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കാംപയിനാണിതെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി രോഹന്‍ ഗുപ്ത പറഞ്ഞു. വ്യക്തിപരമായി ഏതെങ്കിലും ബിജെപി നേതാവിനെ കാംപെയിനിലൂടെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബിജെപിയുടെ വികസന അവകാശവാദത്തിന്‍റെ പൊള്ളത്തരം പൊളിച്ചെഴുതുകയാണ് ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഇതിനകം കാംപെയിന്‍ തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധി ഗുജറാത്ത് പര്യടനത്തില്‍ ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. ഗുജറാത്തിന് കേന്ദ്രസഹായം വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ കയ്യിലെടുക്കാനാണ് ബിജെപിയുടെ ശ്രമം.