പട്നയില്‍ ഡോക്ടര്‍മാരുടെ സമരം; 15 രോഗികള്‍ മരിച്ചു
സമരത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു
പട്നയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ 15 പേര്‍ മരിച്ചു. 500 ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ച് സമരം ചെയ്തതാണ് കൂട്ടമരണത്തിന് വഴിവെച്ചത്.
ഡോക്ടര്‍മാരുടെ സമരം കാരണം ഇതിനോടകം തന്നെ 36 ശസ്ത്രക്രിയകള്‍ ഉപേക്ഷിക്കുകയും ഡസന്‍ കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയും ചെയ്തു. ഇത് മരണ നിരക്ക് ഉയരാന്‍ ഇടയാക്കിയതായാണ് വിവരം.
കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സിക്കാന്‍ അവശ്യത്തിന് ഡോക്ടര്‍മാരില്ല എന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധത്തിലായിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതില്‍ നിന്ന് സംരക്ഷണം അവശ്യപ്പെട്ടായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ ആയിരുന്നു രോഗികളെ ചികിത്സിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മരണനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ അത്യാഹിത വിഭാഗത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ നിയമിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരവധി രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.