മോദിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടണം: വിവരാവകാശ കമ്മീഷണര്‍ക്ക് കെജ്‍രിവാള്‍ കത്തയച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെജ്‍രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് കത്ത് അയച്ചു. വിശദാംശം പുറത്തുവിടാന്‍ കമ്മീഷന്‍ ധൈര്യം കാട്ടണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദി നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിരുന്നു എന്നാണ് രേഖപ്പെടുത്തിയത്. മോദിയുടെ അവകാശവാദം തെറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനാല്‍ ജനങ്ങള്‍ക്ക് സത്യമറിയാന്‍ താല്‍പര്യമുണ്ടാകും. അതിനാല്‍ വിശദാംശങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെയ്ക്കുന്നത് ശരിയല്ലെന്നും കെജ്‍രിവാള്‍ കത്തില്‍ പറയുന്നു.
കെജ്‍രിവാളിന്റെയും മന്ത്രിമാരുടെയും വിദ്യാഭ്യാസ യോഗ്യതയും സ്വത്തും സംബന്ധിച്ച വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ആരാഞ്ഞിരുന്നു. തന്നെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും പൊതുസമൂഹത്തിന് മുന്‍പില്‍ പരസ്യപ്പെടുത്താന്‍ താന്‍ തയ്യാറാണ്. അതേസമയം മോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാതിരുന്നാല്‍ കമ്മീഷന്റെ നിഷ്പക്ഷതയെ കുറിച്ച് ജനങ്ങള്‍ക്ക് സംശയം ഉണ്ടാകുമെന്നും കെജ്‍രിവാള്‍ കത്തില്‍ പറഞ്ഞു.