20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു

Update: 2018-05-28 02:39 GMT
20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു
Advertising

എംഎല്‍എമാരുടെ അയോഗ്യതാ വിഷയത്തില്‍ ഹൈക്കോടതിയിലും എഎപിക്ക് തിരിച്ചടി.

എംഎല്‍എമാരുടെ അയോഗ്യതാ വിഷയത്തില്‍ ഹൈക്കോടതിയിലും എഎപിക്ക് തിരിച്ചടി. 20 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഇരട്ട പദവി പ്രതിഫലം കൈപ്പറ്റി എന്ന പരാതിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും എഎപി അറിയിച്ചു.

ഇരട്ട പദവി പ്രതിഫലം ആരോപിച്ച് 20 എംഎല്‍എമാരെ അയോഗ്യരാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ റദ്ദാക്കണം എന്നാവശ്യപ്പെട്ട് 6 എഎപി എംഎല്‍എമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം നിരാകരിച്ച കോടതി എംഎല്‍എമാരുടെ നിയമനം നിയമ വിരുദ്ധമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ ഇനി സുപ്രിംകോടതിയെ സമീപിക്കാനാണ് എഎപി തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തി. കെജ്‍രിവാള്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും പ്രചരണം ശക്തമാക്കുകയാണ്.

2015 മാര്‍ച്ചില്‍ കെജ്‍രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 21 എംഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് നിയമനത്തിനെതിരെ പരാതി നല്‍കിയത്. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തു. ജൂണില്‍ എംഎല്‍എമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ആരോപണങ്ങള്‍ ശക്തമായതോടെ എഎപി സര്‍ക്കാര്‍, 1997ലെ ഡല്‍ഹി എംഎല്‍എ നിയമം ഭേദഗതി ചെയ്തെങ്കിലും രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പ് വക്കാന്‍ തയ്യാറായിരുന്നില്ല.

Tags:    

Similar News