പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ബ്രാഡി ഹൌസ് ബ്രാഞ്ച് സീല്‍ ചെയ്തു

Update: 2018-05-28 21:17 GMT
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ബ്രാഡി ഹൌസ് ബ്രാഞ്ച് സീല്‍ ചെയ്തു
Advertising

പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡി സുനില്‍ മേത്ത വിജിലന്‍സ് കമ്മീഷന് മുന്നില്‍ ഹാജരായി. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ട്.

സാന്പത്തിക തട്ടിപ്പ് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈയിലെ ബ്രാഡി ഹൌസ് ബ്രാഞ്ച് സിബിഐ സീല്‍ ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡും നടക്കുന്നുണ്ട്. അതേസമയം വായ്പാ തട്ടിപ്പില്‍ റോട്ടോമേക്ക് കമ്പനി ഉടമ വിക്രം കോത്താരിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അതിനിടെ ജീവനക്കാരെ മൂന്ന് വര്‍ഷം കൂടുന്പോള്‍ സ്ഥലം മാറ്റണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡി സുനില്‍ മേത്ത വിജിലന്‍സ് കമ്മീഷന് മുന്നില്‍ ഹാജരായി. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുഖ്യ വിജിലന്‍സ് ഓഫീസര്‍, ബാങ്ക് എംഡി എന്നിവരെയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്. ഒപ്പം റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരെയും കേന്ദ്ര ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെയും വിളിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കില്‍ ഇത്രയും വലിയ വെട്ടിപ്പുണ്ടായത് സംബന്ധിച്ച് കമ്മീഷന് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കേണ്ടി വരും. അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അറസ്സ് ചെയ്ത പിഎന്‍ബി മുബൈ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഗോഗുല്‍ നാഥ് ഷെട്ടിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു.

മറ്റ് ബാങ്കുകളിലെ ശാഖകളിലേക്ക് പണം കൈമാറ്റത്തിന് ഉറപ്പ് നല്‍കി അയക്കുന്ന സ്വിഫ്റ്റ് കോഡ് സന്ദേശ സിസ്റ്റത്തിലെ നിര്‍ണ്ണായക പാസ്‍വേഡുകള്‍ നീരവ് മോദിയുടെ തൊഴിലാളികള്‍ക്ക് ചോര്‍ത്തി കൊടുത്തു എന്നാണ് ഷെട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഓരോ വര്‍ഷവും എല്‍ഒയു പുതുക്കുന്നതിന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നതായും ഷെട്ടി വെളിപ്പെടുത്തിയിരുന്നു. ഷെട്ടിയുള്‍പ്പെടെ ഇതിനകം അറസ്റ്റ് ചെയ്ത പിഎന്‍ബി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തേക്കും. അന്വേഷണം ദുബൈലേക്കും ഹോങ്കോങിലേക്കും വ്യാപിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News