നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും; സംസ്കാരചടങ്ങുകള്‍ വൈകീട്ട്
സംസ്കാരചടങ്ങുകള്‍ ഇന്ന് വൈകീട്ട് മുംബൈ ജുഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കും.
ദുബൈയില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ദുബൈ പൊലീസ് ആസ്ഥാന ത്തെ മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരി ക്കുകയാണ് ബന്ധുക്കള്‍. സംസ്കാരചടങ്ങുകള്‍ ഇന്ന് വൈകീട്ട് മുംബൈ ജുഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കും. മരിച്ച നിലയിലാണ് ശനിയാഴ്ച രാത്രി ശ്രീദേവിയെ ദുബൈ റാശിദ് ആശുപത്രിയില്‍ എത്തിച്ചത്.
മരണകാരണം സംബന്ധിച്ച് ശാസ്ത്രീയമായ കൃത്യത ഉറപ്പുവരുത്താന്‍ അതുകൊണ്ടു തന്നെ വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ വേണ്ടി വന്നു. മൃതദേഹം കൊണ്ടുവരുന്നത് വൈകാന്‍ കാരണമിതാണ്. ഹൃദയാഘാതമാണോ, വീഴ്ചയില്‍ തലയിടിച്ചുണ്ടായ പരിക്കാണോ മരണ കാരണം എന്നതാണ് പരിശോധിക്കുന്നത്. ഇത് വ്യക്തമാവാന്‍ ഫോറന്‍സിക് റിപ്പോര്‍ട്ടും, രക്തപരിശോധനാ റിപ്പോര്‍ട്ടും ലഭിക്കണം. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാ നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മലയാളി സാമൂഹിക പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ടും ബാക്കി രേഖകളും ലഭിച്ചാല്‍ മൃതദേഹം എംബാമിങ്ങിനായി മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്‍ററിലേക്ക് കൊണ്ടുപോകും. വ്യവസായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യവിമാനം ദുബൈയില്‍ ഇന്നലെ മുതല്‍ സജ്ജമാണ്. ഭര്‍ത്താവ് ബോണി കപൂര്‍, സഹോദരന്‍ സഞ്ജയ് കപൂര്‍, മകള്‍ ഖുശി എന്നിവര്‍ ദുബൈയിലുണ്ട്.