ഷമിയുടെ കാറും ട്രക്കും കൂട്ടിയിടിച്ചു, തലയ്ക്ക് പരിക്ക്
ഹസിന്‍ ജഹാന്റെ ആരോപണങ്ങളെ തുടര്‍ന്ന് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമി സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ഷമിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകവേയാണ് ഷമിയുടെ കാര്‍ അപകടത്തില്‍ പെട്ടത്.
ഡെറാഡൂണിലെ അഭിമന്യു ക്രിക്കറ്റ് അക്കാദമിയില്‍ രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം ഡല്‍ഹിക്ക് പോകവേ ഡെറാഡൂണില്‍ വെച്ചായിരുന്നു അപകടം. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷമിയുടെ തലയില്‍ തുന്നലുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഷമിക്ക് ആശുപത്രിയില്‍ നിന്ന് പോകാമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
27കാരനായ ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഗുരുതരമായ ആരോപണങ്ങള്‍ വലിയ തോതില്‍ വാര്‍ത്തയായിരുന്നു. ഗാര്‍ഹിക പീഢനം, പരസ്ത്രീബന്ധം തുടങ്ങി ക്രിക്കറ്റ് വാതുവെപ്പുവരെ ഷമിക്കെതിരെ ആരോപണങ്ങളായി ഉയര്‍ന്നിരുന്നു. ഹസിന്‍ ജഹാന്റെ ആരോപണങ്ങളെ തുടര്‍ന്ന് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
വാതുവെപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ബിസിസിഐ മുഹമ്മദ് ഷമിയുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ഷമിയുമായി ബിസിസിഐ കരാറിലെത്തി. ബി ഗ്രേഡ് കളിക്കാരനായാണ് ഷമിയുമായി ബിസിസിഐ കരാറിലെത്തിയിരിക്കുന്നത്. മുന്‍ കരാറിനെ അപേക്ഷിച്ച് മൂന്ന് കോടിരൂപ അധികം ഷമിക്ക് പുതിയ കരാറിലൂടെ ലഭിക്കും. ഏപ്രില്‍ ഏഴിന് തുടങ്ങുന്ന ഐപിഎല്ലില്‍ ഷമിക്ക് പങ്കെടുക്കാനാകുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഡല്‍ഹി ഡയര്‍ഡെവിള്‍സ് താരമാണ് ഐപിഎല്ലില്‍ ഷമി.