സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ ഹൈദരാബാദില്‍ തുടക്കം
യെച്ചൂരിയെ നീക്കാന്‍ അണിയറ ചര്‍ച്ചകള്‍ സജീവം
22 ആമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ ഹൈദരാബാദില്‍ ആരംഭിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയ അടവ് നയത്തെ ചൊല്ലി വലിയ ചര്‍ച്ചകള്‍ക്ക് തന്നെയാകും അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം സാക്ഷ്യം വഹിക്കുക. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സീതാറാം യെച്ചൂരിയെ മാറ്റാനുള്ള നീക്കങ്ങളും ശക്തമാണ്.
18 മുതല്‍ 22 വരെയാണ് ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലി പാര്‍ട്ടിയുടെ കരട് രാഷ്ട്രീയപ്രമേയത്തിന്‍മേലുടലെടുത്ത തര്‍ക്കം പാര്‍ട്ടി കോണ്‍ഗ്രസിലും തുടരും. കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന യെച്ചൂരിയുടെ നിലപാട് പാര്‍ട്ടി തള്ളിയെങ്കിലും പാര്‍ട്ടികോണ്‍ഗ്രസില്‍ ഭേദഗതിക്ക് ബംഗാള്‍ ഘടകം മുന്‍കൈ എടുക്കുമെന്നത് വ്യക്തമാണ്. ഇതില്‍ ആര്‍ക്കും ഭേദഗതി നിര്‍ദേശിക്കാമെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനം എടുക്കുകയെന്നുമുള്ള യെച്ചൂരിയുടെ മുന്‍വാക്കുകള്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ്.
അതിനാല്‍തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സീതാറാം യെച്ചൂരിയെ നീക്കാനുള്ള ശ്രമങ്ങള്‍ക്ക് മറുപക്ഷം അണിയറയില്‍ സജീവമാണ്. പകരം മണിക്ക് സര്‍ക്കാരിനേയോ ബൃന്ദ കാരാട്ടിനെയോ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കാരാട്ട് പക്ഷത്തിന്‍റെ നീക്കം. കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഇത് സാധ്യമാക്കാമെന്നാണ് കാരാട്ട് പക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ യെച്ചൂരിയെ മാറ്റി സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിനോട് മണിക്ക് സര്‍ക്കാര്‍ അനുകൂലമല്ല. പ്രായപരിധി പൂര്‍ത്തിയാക്കുന്ന എസ് രാമചന്ദ്രന്‍പിള്ള, സിഐടിയു പ്രതിനിധിയായ എ കെ പി പത്മനാഭന്‍ എന്നിവര്‍ ഈ സമ്മേളനത്തോടെ പിബിയില്‍ നിന്നൊഴിയും. ഇവര്‍ക്ക് പകരം ബംഗാളില്‍ നിന്നുള്ള തപന്‍സെന്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള കിസാന്‍ സഭ നേതാവ് അശോക് ധാവ്ലെ എന്നിവര്‍ പിബിയില്‍ എത്തിയേക്കുമെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയിലും കാര്യമായ അഴിച്ചുപണിയുണ്ടായേക്കും.