നോട്ട് നിരോധനം ഉത്തര്‍പ്രദേശില്‍ തിരിച്ചടിയായേക്കുമെന്ന് ബിജെപി എംപിമാര്‍ക്ക് ആശങ്ക

Update: 2018-05-29 07:34 GMT
Editor : admin
നോട്ട് നിരോധനം ഉത്തര്‍പ്രദേശില്‍ തിരിച്ചടിയായേക്കുമെന്ന് ബിജെപി എംപിമാര്‍ക്ക് ആശങ്ക
Advertising

ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായോട് തങ്ങളുടെ ആശങ്ക പങ്കുവച്ചത്. പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ തുടര്‍ന്ന് സംജാതമായ അനുകൂല .....

നോട്ട് നിരോധനം മൂലം സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതം ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ബിജെപി എംപിമാര്‍ക്ക് ആശങ്ക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായോട് തങ്ങളുടെ ആശങ്ക പങ്കുവച്ചത്. പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ തുടര്‍ന്ന് സംജാതമായ അനുകൂല അന്തരീക്ഷത്തെ ഇല്ലാതാക്കുന്നതാണ് നോട്ട് നിരോധനമെന്ന് 24 ല്‍ അധികം എംപിമാര്‍ അമിത് ഷായെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ലക്നൌവില്‍ നിന്നുള്ള എംപികൂടിയായ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയില്‍ ബുധനാഴ്ച വൈകുന്നേരം സംഘടിപ്പിച്ച വിരുന്നിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള 35 എംപിമാരുമായി അമിത് ഷാ ആശയവിനിമയം നടത്തിയത്.

സര്‍ജിക്കല്‍ സ്ട്രൈക്ക്, നോട്ട് നിരോധനം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തന്‍ യാത്ര തുടങ്ങിയവയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായമാണ് അമിത് ഷാ തങ്ങളോട് ചോദിച്ചതെന്ന് ഒരു എംപി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പണമില്ലാത്ത അവസ്ഥയും എടിഎമ്മുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവും ദോഷകരമായി മാറുമെന്ന ഭയമാണ് എംപിമാര്‍ക്കുള്ളത്. ലക്നൊവില്‍ നടന്ന ആര്‍എസ്എസ് - ബിജെപി കോര്‍ഡിനേഷന്‍ യോഗത്തിലും സമാന വികാരം പ്രകടമായാണ് സൂചന.

ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൈവശം പണമില്ലാത്തത് ഗ്രാമീണ മേഖലയെ ഉലച്ചിട്ടുണ്ടെന്നും ആവശ്യത്തിന് പണമെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അതിന്‍റെ പ്രത്യാഘാതം പ്രകടമാകുമെന്നുമാണ് ആര്‍എസ്എസ് നേതാക്കളുടെ ആശങ്ക. പണരഹിത സാമ്പത്തികാവസ്ഥയും ഡിജിറ്റലൈസേഷനും ഗ്രാമീണരെ സംബന്ധിച്ചിടത്തോളം വലിയ വിഷമം സൃഷ്ടിച്ചിട്ടുണ്ടെന്നും പണരഹിത ഇടപാടുകളുടെ സുരക്ഷ സംബന്ധിച്ച് സാധാരണ ജനതക്കുള്ള ആശങ്ക കണക്കിലെടുത്ത് ഡിജിറ്റലാകുന്നതിന് മുമ്പ് ജനവിശ്വാസം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ബിജെപിക്ക് ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കേണ്ടത് അനിവാര്യമാണെന്നും ബിജെപിയെ ആര്‍എസ്എസ് നേതൃത്വം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News