ദുരൂഹതകള്‍ നിറഞ്ഞ കോടനാട് എസ്റ്റേറ്റ്
ജയയുടെ വിശ്വസ്തരില്‍ ഒരാളെന്ന നിലയില്‍ എസ്റ്റേറ്റിലെ ഓരോ മുറിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയായിരുന്നു കനകരാജ്. ഇതാണ് ജയയുടെ മരണത്തിന് ശേഷം എസ്റ്റേറ്റില്‍ ഒരു കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ കനകരാജിന് ....
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു കൊലപാതകത്തിന്‍റെയും തുടര്‍ന്ന് നടന്ന ദുരൂഹമായ രണ്ട് അപകട മരണങ്ങളുടെയും പേരിലാണ്. ഇക്കഴിഞ്ഞ 24 ന് പുലര്‍ച്ചെ ഏതാണ്ട് 1.30ന് നടന്ന ഒരു കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ എസ്റ്റേറ്റിലെ ഗാര്‍ഡിമാരിലൊരാളായ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടു. മറ്റൊരു ഗാര്‍ഡിനെ പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ വിദഗ്ധമായി രക്ഷപ്പെട്ടു.
പൊലീസ് അന്വേഷണത്തില്‍ ആദ്യം തെളിഞ്ഞത് കവര്‍ച്ചക്കാര്‍ ഉന്നം വച്ചത് ചില പ്രത്യേക മുറികള്‍ മാത്രമാണെന്നായിരുന്നു. ജയലളിതയും തോഴി ശശികലയും ഉപയോഗിച്ചിരുന്ന മുറികളായിരുന്നു ഇവ. വിലപ്പെട്ട പലതും മോഷ്ടിക്കപ്പെട്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. മോഷണം പോയത് എന്താണെന്ന് പൊലീസ് ഇതുവരെയായും വ്യക്തമാക്കിയിട്ടില്ല. വിലപ്പെട്ട ആഭരണങ്ങളാണ് കവര്‍ന്നതെന്നും അതല്ല മര്‍മ്മ പ്രധാനമായ രേഖകളാണ് മോഷണം പോയതെന്നുമുള്ള രണ്ട് വാദങ്ങള്‍ സജീവമാണ്.
മലയാളിയാ സയാന്‍ എന്ന ശ്യാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് നാല് ദിവസങ്ങള്‍ക്കു ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടന്നത്. തുടര്‍ന്നായിരുന്നു പൊലീസ് നിര്‍ണായകമായ ഈ വിവരം പുറത്തുവിട്ടത്. അടുത്ത ദിവസമായപ്പോഴേക്കും ഏഴു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേരെ തൃശൂരില്‍ നിന്നും നാല് പേരെ മലപ്പുറത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്പ്പോഴാണ് ജയലളിതയുടെ ഡ്രൈവറായിരുന്ന കനകരാജിന്‍റെ പങ്ക് പൊലീസിന് മനസിലായത്.
ആരാണ് കനകരാജ്
ജയലളിതയുടെ വിശ്വസ്ത ഡ്രൈവറായിരുന്നു കനകരാജ്. കനകരാജ് തന്‍റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയ ജയ ഇയാളെ പിരിച്ചുവിട്ടു. ജയയുടെ ഈ നടപടിയില്‍ കുപിതനായ കനകരാജ് പിന്നീട് പലവട്ടം എസ്റ്റേറ്റിലെത്തിയിരുന്നു. ജയയുടെ വിശ്വസ്തരില്‍ ഒരാളെന്ന നിലയില്‍ എസ്റ്റേറ്റിലെ ഓരോ മുറിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയായിരുന്നു കനകരാജ്. ഇതാണ് ജയയുടെ മരണത്തിന് ശേഷം എസ്റ്റേറ്റില്‍ ഒരു കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ കനകരാജിന് പ്രേരണയായത്. സയാനെ കൃത്യത്തിനായി ചുമതലപ്പെടുത്തിയത് കനകരാജാണ്. എന്നാല്‍ ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് വ്യക്തമല്ല.
ദുരൂഹതയുയര്‍ത്തി രണ്ട് അപകടങ്ങള്‍
കനകരാജിനായി പൊലീസ് വല വീശിയതോടെയാണ് ഇന്ന് രാവിലെ ഏതാണ്ട് എട്ടരക്ക് സേലത്ത് നടന്ന വാഹനാപകടത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടത്. തൃശൂരില്‍ നിന്നും കുടുംബത്തോടൊപ്പം പാലക്കാട്ടേക്ക് വരികയായിരുന്ന സയാനും അപകടത്തില്‍പ്പെട്ടു. ഭാര്യയും മകളും മരിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സയാന്‍ ഇപ്പോള്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍ ശെല്‍വകുമാര്‍ സയാന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് അപകടങ്ങളും ആസൂത്രിതമാണോയെന്ന സംശയം ഇതിനോടകം ശക്തമായിട്ടുണ്ട്.
ഉത്തരംകിട്ടാത്ത വലിയ ചോദ്യങ്ങള്‍
ജയയുടെ മരണത്തിന് ശേഷം കോടനാട് എസ്റ്റേറ്റിന്‍റെ ഉടയാരാണെന്നതിന് ഇനിയും ഔദ്യോഗികമായൊരു ഉത്തരമായിട്ടില്ല. ജയയുടെ മരണം പോലെ ദുരൂഹമാണ് എസ്റ്റേറ്റിന്‍റെ ഉടമസ്ഥതയുമെന്നാണ് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റായ എംകെ സ്റ്റാലിന്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. ഉറ്റ തോഴി ശശികലയുടെ കൈകളിലേക്ക് എസ്റ്റേറ്റ് എത്തിയതായി സൂചനകളുണ്ടെങ്കിലും ശശികല ജയിലിലായതോടെ മന്നാര്‍ഗുഡി കുടുംബത്തിലെ ആരും ഇതുവരെ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് സൂചന.
എസ്റ്റേറ്റില്‍ നിന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ എന്തെല്ലാമാണെന്നതാണ് ഉത്തരമില്ലാത്ത രണ്ടാമത്തെ ചോദ്യം. നഷ്ടപ്പെട്ട പ്രധാന വസ്തുക്കള്‍ എന്തെല്ലാമാണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി പനീല്‍സെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്.