റിപ്പബ്ലിക് ടി.വി ബി.ജെ.പി മുഖപത്രമോ? - സോഷ്യല്‍ മീഡിയ ചോദിക്കുന്നു

Update: 2018-05-29 22:24 GMT
Editor : Ubaid
റിപ്പബ്ലിക് ടി.വി ബി.ജെ.പി മുഖപത്രമോ? - സോഷ്യല്‍ മീഡിയ ചോദിക്കുന്നു
Advertising

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ഉന്നയിച്ച ആരോപണം ബി.ജെ.പി ഐടി സെല്ലിന്റെ അറിവോടെയെന്ന് വാര്‍ത്തകളുണ്ടായിരുന്നു

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ റിപ്പബ്ലിക് ബി.ജെ.പി മുഖമാധ്യമാണോയെന്ന് ചോദ്യവുമായി സോഷ്യല്‍ മീഡിയ. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെതിരെയും കോണ്‍ഗ്രസ് എം.പി ശശി തരൂരിനെയും റിപ്പബ്ലിക് പുറത്ത് വിട്ട ബ്രേക്കിങ് ന്യൂസുകള് ഇത്തരം സംശങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും ജയിലില്‍ കഴിയുന്ന ആര്‍ജെഡി എംപി മുഹമ്മദ് ഷഹാബുദ്ദീനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട ആര്‍ജ്ജവം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യത്തിലുണ്ടാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.


സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ഉന്നയിച്ച ആരോപണം ബി.ജെ.പി ഐടി സെല്ലിന്റെ അറിവോടെയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. റിപ്പബ്ലിക് ചാനല്‍ വാര്‍ത്ത പുറത്ത് വിടുന്നതിന് മുമ്പ് ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ട്വിറ്ററില്‍ സൂചന നല്‍കിയിരുന്നു. ഇതാണ് ചാനല്‍ ബ്രേക്കിങ് ന്യൂസുകള്‍ ബി.ജെ.പിയുടെ സഹായത്തോടെ തയ്യാറാക്കുന്നതാണെന്ന സംശയം ബലപ്പെടാന്‍ കാരണം. വാര്‍ത്തയെ സംബന്ധിച്ച് റിപ്പബ്ലിക് ടിവിയുടെ ട്വീറ്റ് വരുന്നതിന് മുമ്പാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തത്.

സുനന്ദ മര്‍ഡര്‍ ടേപ്‌സ് എന്ന ഹാഷ്ടാഗില്‍ രാത്രി 7.10നാണ് റിപ്പബ്ലിക് ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് വരുന്നത്. എന്നാല്‍ ഇതിന് മുമ്പ് 6.15ന് തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച സൂചന നല്‍കുന്ന ട്വീറ്റുകള്‍ ചെയ്തിരുന്നു. ബി.ജെ.പി സോഷ്യല്‍ മീഡിയ വോളണ്ടിയറായ സുരേഷ് നഖ്‌വൗ ശശി തരൂരിന് ഗുഡ് ലക്ക് വിഷ് ചെയ്തു കൊണ്ടാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

നമുക്ക് ചുറ്റും ഉണ്ടായിരുന്നതും എന്നാല്‍ മറ്റ ചാനലുകള്‍ ഏറ്റെടുക്കാത്തതുമായ വാര്‍ത്തകള്‍ അര്‍ണാബ് പുറത്തു വിടുന്നുവെന്നാണ് നൂപുര്‍ എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്. ചാനല്‍ മേധാവി അടക്കം സുപ്രധാന പദവികള്‍ അലങ്കരിക്കുന്നവര്‍ മാത്രം അറിയാന്‍ സാധ്യതയുള്ള സ്‌ഫോടനാത്മക വാര്‍ത്ത ബി.ജെ.പിയുടെ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ എങ്ങനെ അറിഞ്ഞുവെന്നാണ് സംശയം ബലപ്പെടുത്തുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരിയുടമയായ രാജീവ് ചന്ദ്രശേഖര്‍ രൂപം കൊടുത്ത ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ സി.ഇ.ഒ അമിത്ത് ഗുപ്ത തന്റെ കീഴിലുള്ള ജീവനക്കാര്‍ക്ക് രാജ്യസ്നേഹം വേണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഇന്ത്യന്‍ പട്ടാളക്കാരോട് കൂറ് കാണിക്കണമെന്നും രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിച്ച് നില്‍ക്കണമെന്നും കത്തിലുണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശമനുസരിച്ചാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ്, കന്നട വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, ഓണ്‍ലൈന്‍ മാധ്യമം ന്യൂസബിള്‍, കന്നട പത്രം കന്നട പ്രഭ എന്നീ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തലവന്‍മാര്‍ക്ക് ഇമെയില്‍ നിര്‍ദേശം അയച്ചത്.

കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖറിന് ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. 2006ലാണ് ബി.പി.എൽ മൊബൈൽ ഉടമയായിരുന്ന രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റിന്റെ 51 ശതമാനം ഓഹരിയുടെ ഉടമസ്ഥനായത്. ഗുജറാത്തിലെ അഹമ്മദാബാദാണ് രാജീവ് ചന്ദ്രശേഖറിന്റെ ജന്മനാട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ തുടങ്ങിയ നമോ ചാനലിന്റെ ചുമതല ആദ്യഘട്ടത്തില്‍ മോദി ഏല്‍പിച്ചത് രാജീവ് ചന്ദ്രശേഖറിനെയായിരുന്നു.

ബി.ജെ.പി ഘടകത്തിന്റെ എതിര്‍പ്പുണ്ടായിട്ടും ഇദ്ദേഹത്തെ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനാക്കിയത് ഏഷ്യാനെറ്റ് ഉള്‍പ്പടെ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള മാധ്യമങ്ങളെ ആര്‍.എസ്.എസ് വല്‍കരിക്കുന്നതിന്റെ ഭാഗമായിരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു.

Full View
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News